കോട്ടയം: നഗരസഭയിലെ പെൻഷൻ ഫണ്ട് തിരിമറിയിൽ അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നും പ്രതിയെ പിടികൂടുമെന്ന് കരുതുന്നുവെന്നുമുള്ള സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ. അനിൽകുമാറിന്റെ പ്രസ്താവന എൻ.ജി.ഒ യൂണിയൻ അംഗമായ പ്രതിയെ രക്ഷപ്പെടുത്താൻ പൊലീസിന്റെ ജോലി സി.പി.എം ഏറ്റെടുത്തുവെന്നതിന്റെ തെളിവാണെന്ന് നഗരസഭ വൈസ് ചെയർമാൻ ബി.ഗോപകുമാർ ആരോപിച്ചു. ചെയർപേഴ്‌സണും വൈസ് ചെയർമാനും തമ്മിലുള്ള അഭിപ്രായഭിന്നതയാണ് പ്രതിയെ രക്ഷപ്പെടാൻ ഇടയാക്കിയതെന്ന അനിൽകുമാറിന്റെ കണ്ടെത്തൽ ബാലിശവും രാഷ്ട്രീയപ്രേരിതവുമാണ്. തട്ടിപ്പുകാരന്റെ അക്കൗണ്ടിൽനിന്ന് ആരൊക്കെ പണം കൈപ്പറ്റിയെന്ന് വ്യക്തമാകണമെങ്കിൽ അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുക്കണം. ലൈസൻസില്ലാതെ പ്രവർത്തിച്ച വ്യാപാരസ്ഥാപനം പൂട്ടാനെത്തിയ മുനിസിപ്പൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് വിരട്ടിയോടിക്കാൻ ശ്രമിച്ച കൗൺസിലർ ജിബി ജോണിനെതിരെ നടപടിയെടുക്കാൻ സി.പി.എം തയാറാണോയെന്നും വൈസ് ചെയർമാൻ ചോദിച്ചു.