കോട്ടയം: നഗരപാതകളും ഗ്രാമവീഥികളും ഗോകുലങ്ങളാക്കി കുരുന്നുകൾ ഉണ്ണിക്കണ്ണന്റെ ലീലകളാടും. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളുമുണ്ട്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, പ്രാദേശികമായ ശോഭായാത്രകൾ മാത്രമാണുള്ളത്. നഗരത്തിലും കറുകച്ചാൽ, പാലാ, കാഞ്ഞിരപ്പള്ളി, വൈക്കം മേഖലകൾ ഉൾപ്പെടെ വിവിധയിടങ്ങളിൽ നിന്നുള്ള ശോഭായാത്ര നഗരം ചുറ്റി തിരുനക്കരയിൽ സമാപിക്കും. തുടർന്ന് സമ്മേളനം, ഗോപിക നൃത്തം, ഉറിയടി എന്നിവയുമുണ്ട്. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മഹാശോഭായാത്രയ്ക്കുള്ള അവസാനവട്ടഒരുക്കങ്ങളും പൂർത്തിയായി. 3500 സ്ഥലങ്ങളിൽ ശോഭായാത്ര നടക്കും. ശോഭയാത്ര തുടങ്ങുന്ന കേന്ദ്രങ്ങളിൽ വയനാട് ദുരന്തബാധിതർക്കായി അനുസ്മരണവും പ്രാർത്ഥനയും സ്‌നേഹനിധി സമർപ്പണവും നടക്കും. ക്ഷേത്രങ്ങളിൽ ഉറിയടിയും മധുര പലഹാരവിതരണവും സംഘടിപ്പിച്ചിട്ടുണ്ട്.