rrr

കുമരകം: ഓമനിച്ചു വളർത്തുന്ന നായയും പൂച്ചയുമാകാം.... എന്നാൽ അവയോട് ഇടപെടുമ്പോൾ അല്പം കരുതലുമാകാം. കുമരകം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പേവിഷത്തിനുള്ള റാബീസ് വാക്സിൻ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണമെടുത്താൽ വളർത്തുനായയോടും മറ്റും ആളുകൾ ഇടപെടുന്നത് അത്ര കരുതലോടെയല്ല എന്ന് വ്യക്തമാകും. ഇവയുടെ കടിയേറ്റതിനോ അതുമല്ലെങ്കിൽ നഖങ്ങൾ കൊണ്ടതിനോ റാബീസ് വാക്സിൻ സ്വീകരിക്കാൻ ശരാശരി പത്തോളം ആളുകൾ കുമരകം സി.എച്ച്.സിയിൽ ദിവസവും എത്തുന്നതായി അധികൃതർ പറയുന്നു. ചില ദിവസങ്ങളിൽ 15 ലേറെ ആളുകൾ ചികിത്സ തേടിയത്തിയ ദിവസങ്ങളുണ്ടെന്നും ആശുപത്രി ജീവനക്കാർ വ്യക്തമാക്കി. മെഡിക്കൽ കോളേജിലും മറ്റു സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടുന്നവരുടെ എണ്ണം ഇതിലേറെ വരും. അതേസമയം സർക്കാർ നിർദേശിക്കുന്ന മാനദണങ്ങൾ പാലിയ്ക്കാതെയാണ് നാട്ടിൽ പലരും വളർത്തുനായെ ഉൾപ്പെടെ പരിപാലിക്കുന്നതെന്നും ആക്ഷേപമുണ്ട്.

കുത്തിവെയ്പ്പിനെത്തുന്നവർ കുറവ്

വളർത്തുനായ്ക്കളെ പ്രതിരോധ കുത്തിവെയ്പ്പിനായി കുമരകം മൃഗാശുപത്രിയിൽ എത്തിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. മാസത്തിൽ 40 - 50 വളർത്തു നായ്ക്കൾക്കാണ് വാക്സിൻ നൽകുന്നതെങ്കിൽ, വളർത്തു പൂച്ചകളുമായെത്തുന്നവർ മാസത്തിൽ ഒന്നോ , രണ്ടോ മാത്രമെന്ന് കുമരകം വെറ്റിനറി സർജൻ ഡോ.സായി പ്രസാദ് പറഞ്ഞു.