കോട്ടയം: ഇത്തരത്തിൽ ഒരു കാറ്റ് വീശിയാൽ മതി, ജില്ലയിലെ കൃഷിയും വീടുകളും തരിപ്പണമാവാൻ. കഴിഞ്ഞദിവസം വീശിയടിച്ച കാറ്റിൽ 46.07 ലക്ഷത്തിന്റെ കൃഷി നശിച്ചപ്പോൾ 72 വീടുകളാണ് മരംവീണ് ഭാഗികമായി തകർന്നത്. കഴിഞ്ഞ 20ന് പുലർച്ചെ വീശിയ കാറ്റാണ് ജില്ലയെ കശക്കിയത്. ഓണം പ്രതീക്ഷിച്ച് വിളവിറക്കിയ വാഴക്കർഷകരുടെ പ്രതീക്ഷകളും കാറ്റെടുത്തു. ആകെയുള്ള നഷ്ടത്തിന്റെ 90 ശതമാനവും വാഴക്കർഷകർക്കാണ്. സാധാരണ ആഗസ്റ്റ് മാസത്തിൽ വെള്ളപ്പൊക്കമാണ് ദുരിതം വിതയ്ക്കുന്നതെങ്കിൽ ഇത്തവണ ഏതാനും മിനിറ്റുകൾ മാത്രം ആഞ്ഞുവീശിയ കാറ്റാണ് കർഷകരെ ദുരിതക്കയത്തിലാക്കിയത്. ആദ്യം വേനൽ, പിന്നാലെ പെരുമഴയും അതിന് പുറകേ കൊടുംകാറ്റ് കൂടിയായപ്പോൾ കർഷകരുടെ നട്ടെല്ലൊടിഞ്ഞു.
കർഷകന്റെ കാര്യം കഷ്ടം
ഓണം പ്രതീക്ഷിച്ച് വിളവിറക്കിയ വാഴക്കർഷകർക്കാണ് നഷ്ടമേറയും. കൃഷി നശിച്ചതോടെ ഓണത്തിന് നാടൻ വാഴക്കുലകൾ കിട്ടാക്കനിയാകും.
വാഴക്കർഷർകർക്ക് 43.50 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. 190 കർഷകരുടെ വാഴകൃഷിയാണ് നശിച്ചത്. 5255 കുലച്ച വാഴകളും 3760 കുലയ്ക്കാത്ത വാഴകളും നശിച്ചതായാണ് കൃഷി വകുപ്പിന്റെ റിപ്പോർട്ട്. ഇത്തവണത്തെ പൊള്ളുന്ന വേനലിൽ വെള്ളം കോരി ഒഴിച്ച് വളർത്തിയെടുത്തവ ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഒടിഞ്ഞുവീണത് കണ്ട് മനസ് മടുത്തിരിക്കുകയാണ് കർഷകർ. കാറ്റിൽ 48 ജാതിമരങ്ങൾ മറിഞ്ഞുവീണപ്പോൾ 1.68 ലക്ഷത്തിന്റെ നഷ്ടവുമുണ്ടായി.
ആകെ കൃഷി നാശം: 46.07 ലക്ഷം
നഷ്ടം: 247 കർഷകർക്ക്
നശിച്ച വീടുകൾ: 72
കോട്ടയം: 34
ചങ്ങനാശേരി: 16
വൈക്കം: 18
കാഞ്ഞിരപ്പള്ളി: 3
മീനച്ചിൽ: 1