mattappallikkunnu-rd

വാഴൂർ: ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ തഴയ്ക്കൽ മറ്റപ്പള്ളിക്കുന്ന് റോഡ് തകർന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ ഒറ്റപ്പെട്ട് കഴിയുന്ന പത്തിലേറെ കുടുംബങ്ങൾക്ക് ആശ്രയമായി അവർതന്നെ നിർമ്മിച്ച റോഡ് മഴവെള്ളപ്പാച്ചിലിലാണ് തകർന്നത്. കാൽനടപോലും ഇതിലേ സാദ്ധ്യമല്ല. വളരെ ഉയർന്ന പ്രദേശമായ ഇവിടെ എത്തണമെങ്കിൽ പടിക്കെട്ടുകളോട് കൂടിയ നടപ്പാത മാത്രമാണുള്ളത്. വളരെ സാധാരണക്കാരും കൂലിപ്പണിയെടുത്ത് ജീവിക്കുന്നവരുമാണ് ഇവിടെയുള്ളത്. പ്രായമായവരേയും കിടപ്പ് രോഗികളേയുമൊക്കെ ആശുപത്രിയിലെത്തിക്കുന്നത് കസേരയിലിരുത്തി ചുമന്ന് പ്രധാന റോഡിലെത്തിച്ചാണ്. ഒരു റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പതിറ്റാണ്ടുകളായി ഇവർ ബന്ധപ്പെട്ട ഓഫീസുകൾ കയറിയിറങ്ങുകയാണ്. അധികാരികളുടെ അവഗണനയിൽ പ്രതിഷേധിച്ചുകൂടിയാണ് ഇവിടുത്തുകാർ ശ്രമദാനത്തിലൂടെ ഒരു റോഡ് നിർമ്മിച്ചത്. മേഖലയിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് അറുതി വരുത്താൻ തഴയ്ക്കൽ മറ്റപ്പള്ളിക്കുന്ന് റോഡ് പഞ്ചായത്ത് ഏറ്റെടുത്ത് ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.