പാലാ: കാരുണ്യ പ്രവർത്തനങ്ങളുടെ മുഖമായി ഇന്ന് എസ്.എൻ.ഡി.പി യോഗം മാറിയിട്ടുണ്ടെങ്കിൽ ഇതിനെല്ലാം കാരണവും പ്രചോദനവും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണെന്ന് മാണി.സി കാപ്പൻ എം.എൽ.എ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ നടന്ന സന്നദ്ധ രക്തദാന ക്യാമ്പും നേത്ര പരിശോധനാ ക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.എൻ.ഡി.പി യോഗം നടത്തി വരുന്ന പല സന്നദ്ധ പ്രവർത്തനങ്ങളുടെയും ഭാഗമാകുവാൻ തനിക്കു കഴിഞ്ഞിട്ടുണ്ട്. യോഗം നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും കൃത്യമായ അടുക്കും ചിട്ടയും ഇന്ന് കൈവന്നിരിക്കുന്നു. ഈ സമൂഹത്തിൽ ജാതിയും മതവും ഇല്ലാത്ത ഒന്ന് ഉണ്ടെങ്കിൽ അത് രക്തം മാത്രമാണ്. രക്തദാനം എന്നത് ഏറ്റവും പുണ്യമായ പ്രവർത്തിയാണെന്നും മാണി സി. കാപ്പൻ പറഞ്ഞു.
സമ്മേളനത്തിൽ മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ അദ്ധ്യക്ഷനായി. കൺവീനർ
എം.ആർ.ഉല്ലാസ് മുഖ്യ പ്രഭാഷണവും പാലാ ബ്ലഡ് ഫോറം കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നൽകി. സജീവ് വയലാ, രാമപുരം സി.റ്റി.രാജൻ, അനീഷ് പുല്ലുവേലിൽ, കെ.ജി.സാബു പിഴക് , സുധീഷ് ചെമ്പൻകുളം, രതീഷ് തീക്കോയി, സന്തോഷ് പിഴക്, രാജി ജിജിരാജ്, സംഗീതാ അരുൺ, ബിഡ്‌സൺ മല്ലികശ്ശേരി എന്നിവർ പ്രസംഗിച്ചു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ അരുൺ കുളംപള്ളിൽ സ്വാഗതവും യൂത്ത് മൂവ്‌മെന്റ് കൺവീനർ ഗോപകുമാർ പിറയാർ നന്ദിയും പറഞ്ഞു.