വൈക്കം: ഭാരത നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം നൽകിയ യഥാർത്ഥ ഋഷീശ്വരനായിരുന്നു ചട്ടമ്പിസ്വാമികളെന്ന് വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയൻ ചെയർമാൻ പി.ജി.എം നായർ കാരിക്കോട് പറഞ്ഞു. സാധാരണക്കാർക്ക് വേദം നിഷേധിച്ചത് ഉൾപ്പെടെയുള്ളവയെ ധീരമായി ചോദ്യം ചെയ്യുക വഴി ഹൈന്ദവ സമൂഹത്തിലെ ജീർണ്ണതകൾക്കെതിരെയും സ്വാമി ശക്തമായ ഇടപെടൽ നടത്തിയതായി അദ്ദേഹം പറഞ്ഞു.
നൂറ്റി എഴുപത്തിരണ്ടാമത് ചട്ടമ്പിസ്വാമി ജയന്തിയോടനുബന്ധിച്ച് വൈക്കം യൂണിയൻ ആസ്ഥാനത്ത് നടന്ന അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ ആസ്ഥാനത്ത് ചട്ടമ്പിസ്വാമികളുടെ ഛായാചിത്രം അലങ്കരിച്ച് വെച്ച് ദീപം തെളിയിച്ച ശേഷം യൂണിയൻ ഭാരവാഹികൾ പുഷ്പാർച്ചന നടത്തി. താലൂക്കിലെ 97 കരയോഗങ്ങളിലും ചട്ടമ്പിസ്വാമികളുടെ ഛായാചിത്രം അലങ്കരിച്ച് വെച്ച് അനുസ്മരണ ചടങ്ങുകൾ നടത്തി. യൂണിയൻ ആസ്ഥാനത്ത് നടന്ന ചടങ്ങുകൾക്ക് സെക്രട്ടറി അഖിൽ ആർ. നായർ നേതൃത്വം നൽകി. പുഷ്പാർച്ചന, പ്രാർത്ഥന, അനുസ്മരണ പ്രഭാഷണം എന്നിവയായിരുന്നു ചടങ്ങുകൾ.