വൈക്കം: വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നഗരസഭ അദ്ധ്യക്ഷയുടെ വാദം വസ്തുതാവിരുദ്ധമെന്ന് എ.ഐ.ടി.യു.സി. വഴിയോര കച്ചവടക്കാർ ആവശ്യപ്പെടുന്നത് നഗരസഭയുടെ ഔദാര്യമല്ല. നിയമം അനുവദിക്കുന്ന പരിരക്ഷയാണ്. സമൂഹത്തിലെ ഏറ്റവും നിരാലംബരും ദരിദ്രരുമായ വിഭാഗമാണ് വഴിയോര കച്ചവടക്കാർ. അവരെ ഒഴിപ്പിക്കുമ്പോൾ പകരം സംവിധാനം ഏർപ്പെടുത്തണമെന്നാണ് നിയമം. എം.എൽ.എയും മുൻനഗരസഭ ചെയർമാൻമാരും നിയമവാഴ്ചയെ വെല്ലുവിളിക്കുന്നുവെന്ന ചെയർപേഴ്‌സന്റെ വാദം അപഹാസ്യമാണ്. രണ്ടുതവണ കിഡ്‌നി മാറ്റിവെച്ച, ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്യുന്ന സ്മിത്ത് ലാലിനേയും, വൃക്കരോഗിയായ സുകുമാരനേയും, തളർച്ച ബാധിച്ച വനിതയേയും വരെ പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി കയ്യേറ്റം ചെയ്തു കടകൾ പൊളിച്ച നഗരസഭ അധികാരികളുടെ ഭാഷ കാടത്തത്തിന്റേതാണ്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഇവർ പുത്തൻ മാടമ്പിമാരാകാനാണ് ശ്രമിക്കുന്നതെങ്കിൽ വൈക്കത്തിന്റെ മണ്ണിൽ ആ ധാർഷ്ട്യം വെച്ചുപൊറുപ്പിക്കില്ലെന്നും വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) പ്രസിഡന്റ് എൻ. അനിൽ ബിശ്വാസും, സെക്രട്ടറി ബിജു കണ്ണേഴത്തും ഓർമ്മപ്പെടുത്തി.