കോട്ടയം : എം.ആർ.പിയേക്കാൾ 30 ശതമാനം വരെ വിലക്കുറവ്, ഈ ബോർഡ് കണ്ട് ആരും മെഡിക്കൽ സ്റ്റോറിലേക്ക് പോകേണ്ട. വിലക്കിഴിവ് മരുന്നിലില്ല. കച്ചവടംകൂട്ടാനുള്ള ഈ തന്ത്രത്തിന് കൂച്ചു വിലങ്ങിടുകയാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗം. ഹൈക്കോടതി നിർദ്ദേശത്തിലാണ് നടപടി. മരുന്നുകളുടെ വിലവിവരപ്പട്ടിക എല്ലാവർക്കും കാണുംവിധം പ്രദർശിപ്പിക്കാൻ മെഡിക്കൽ സ്റ്റോറുകൾക്ക് നോട്ടീസ് നൽകി. വിലകുറച്ചു കൊടുക്കുന്ന മരുന്നുകളുടെ വിശദാംശങ്ങൾ, എത്ര ശതമാനം ഡിസ്കൗണ്ട് എന്നിവ ഉൾപ്പെടുത്തണം. ജില്ലയിലെ പ്രധാന ആശുപത്രികളുടെ മുന്നിലുള്ള മെഡി.സ്റ്റോറുകളിലായിരുന്നു തട്ടിപ്പ് കൂടുതൽ. നിരവധി ആളുകൾ മരുന്നു വാങ്ങുമെങ്കിലും കാര്യമായ ഇളവ് ലഭിക്കാറില്ല. ഈ സാഹചര്യത്തിലായിരുന്നു കോടതി ഇടപെടൽ.
നടപ്പാക്കേണ്ടത് 7 ദിവസത്തിനകം
ഏഴ് ദിവസത്തിനകം സ്വീകരിച്ച നടപടികൾ മെഡിക്കൽ സ്റ്റോറുകൾ രേഖാമൂലം ഡ്രഗ്സ് ഇൻസ്പെക്ടർക്ക് കൈമാറണം. അല്ലാത്തപക്ഷം കർശന നടപടികളിലേക്ക് നീങ്ങാനാണ് അധികൃതരുടെ തീരുമാനം.
'' തീരുമാനം സ്വാഗതാർഹമാണ്. മെഡിക്കൽ സ്റ്റോറുകൾ സഹകരിക്കും.
-ജില്ലാ പ്രസിഡന്റ്, ആൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്സ് ഓസോ.
ഗുണം മെഡിക്കൽ സ്റ്റോറുകൾക്ക് മാത്രം
ഡിസ്കൗണ്ട് ഓഫർ കണ്ട് കൂടുതൽപ്പേർ മരുന്ന് വാങ്ങും
വിലകൂടിയ മരുന്നുകൾക്ക് കാര്യമായ വിലക്കുറവില്ല
വിലവ്യത്യാസം ആരും കണക്ക് കൂട്ടി നോക്കുന്നില്ല