വൈക്കം : മണ്ണിന്റെ മണവും ഗുണവുമറിഞ്ഞ് കാലവും പക്കവും നോക്കി കൃഷി നടത്തിയ മികച്ച കർഷകൻ സുന്ദരൻ നളന്ദയുടെ കൃഷിയിടത്തിൽ ഇക്കുറിയും നൂറുമേനി വിളവ്. പാവൽ, പടവലം, കോവൽ, മത്തൻ, കുമ്പളം, വിവിധയിനം പൂക്കൃഷികൾ പൂവും കായുമണിഞ്ഞ് വിളവെത്തിനിൽക്കുന്നു. അങ്ങനെ എത്രയെത്ര വിസ്മകാഴ്ചകൾ. കുഴിയെടുക്കലും അടിസ്ഥാന വള പ്രയോഗവും സംരക്ഷണവും സുന്ദരന്റെ കൃഷിയെ വിജയകരമാക്കി. സർക്കാരിന്റെ ' ഓണത്തിന് ഒരു മുറം പച്ചക്കറി ' പദ്ധതിയുടെ ഭാഗമായാണ് മറവൻതുരുത്ത് പഞ്ചായത്തിലെ കൊടൂപ്പാടം കരയിൽ ഒന്നര ഏക്കറിൽ കൃഷിയിറക്കിയത്. ഓരോ കൃഷികൾക്കും പ്രത്യേകം ഇടങ്ങളൊരുക്കിയാണ് വിത്തു പാകിയത്.
ആഘോഷമായി വിളവെടുപ്പ്
കോട്ടയം കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി.പി ശോഭ ആദ്യഘട്ട പച്ചക്കറിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈക്കം ബ്ലോക്കിലെ കൃഷി ഉദ്യോഗസ്ഥരായ സി.കെ സിമ്മി, ആശ, നിമിഷ, കെ.സി മനു, പി.കെ അമ്പിളി, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടൻ, മെമ്പർ ബിന്ധു പ്രദീപ്, പ്റമീള രമണൻ, വില്ലേജ് ഓഫീസർ രഞ്ജിത്ത്, കർഷകരായ മോഹനൻ, സജി, വിജയൻ, ബേബി എന്നിവർ പങ്കെടുത്തു.
അവാർഡുകളും നിരവധി
പഞ്ചായത്തിന്റേയും കൃഷി വകുപ്പിന്റേയും മികച്ച കർഷകനുള്ള അവാർഡുകൾ നിരവധിത്തവണ സുന്ദരൻ നളന്ദയെ തേടിയെത്തിയിട്ടുണ്ട്. മറവൻതുരുത്ത് പഞ്ചായത്തിലെ നെടുമ്പറത്ത് പുരയിടത്തിലെ ഒരേക്കർ വരുന്ന തരിശ് ഭൂമിയിൽ പൊന്നുവിളയിച്ച് മാസങ്ങൾക്ക് മുൻപ് സുന്ദരൻ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.