pmdy-manu

കോട്ടയം: നിയമവും മന്ത്രിയുടെ ഉത്തരവും ലംഘിച്ച് ജില്ലയിൽ റബർ തോട്ടങ്ങൾ രൂപമാറ്റം വരുത്തി വിൽക്കുന്നത് വ്യാപകം. പാമ്പാടി ഉൾപ്പെടെയുള്ള മേഖലയിലാണ് റിയൽ എസ്റ്റേറ്റ് ലോബി പിടിമുറുക്കിയിരിക്കുന്നത്. പാമ്പാടി തോട്ടപ്പള്ളിയിൽ നാലേക്കറോളം വരുന്ന റബർതോട്ടം കുന്നിടിച്ച് നിരത്തി പ്ലോട്ട് തിരിച്ച് വിൽക്കാനുള്ള ശ്രമത്തിനെതിരെ പഞ്ചായത്ത് ചെറുവിരൽ അനക്കിയിട്ടില്ല. പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണ് റിയൽ എസ്റ്റേറ്റ് ലോബി കുന്നിടിച്ച് നിരത്തിയതെന്നും ആരോപണമുണ്ട്. റബർതോട്ടങ്ങൾ രൂപമാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണെന്നും ഇങ്ങനെ ചെയ്ത് വില്പന നടത്തുന്ന റിയൽ എസ്റ്റേറ്റ് ഡെവലപ്പർക്ക് പെർമിറ്റ് നൽകരുതെന്നും തദ്ദേശ മന്ത്രി കഴിഞ്ഞദിവസം തദ്ദേശ അദാലത്തിൽ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതെല്ലാം ലംഘിക്കപ്പെടുകയാണ്. വിഷയത്തിൽ കുറ്റക്കാർക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്നും അതിനാവശ്യമായ ചട്ടങ്ങൾ നടപ്പാക്കുമെന്നും റിയൽ എസ്റ്റേറ്റ് റഗുലേറ്ററി കമ്മിറ്റിക്ക് ഇക്കാര്യത്തിൽ നടപടിയെടുക്കാമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

അതവർ കൈക്കലാക്കും

പാമ്പാടി മേഖലയിൽ ജപ്തി നടപടി നേരിടുന്ന ഭൂമി ഉൾപ്പെടെ കുറഞ്ഞ വിലയ്ക്ക് റിയൽ എസ്റ്റേറ്റ് ലോബി കൈക്കലാക്കുകയാണ്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൈക്കലാക്കുന്ന ഭൂമി പ്ലോട്ട് തിരിച്ച് ഉയർന്ന വിലയ്ക്കാണ് വിൽക്കുന്നത്. സഹകരണ ബാങ്കുകളിൽ വായ്പ മുടങ്ങിയ ഉപഭോക്താക്കളുടെ ഭൂമിയാണ് ഇത്തരത്തിൽ ഇവർ കൈക്കലാക്കുന്നത്. റബർ മേഖലയിൽ കടുത്ത പ്രതിസന്ധി തുടർന്നപ്പോഴാണ് മേഖലയിലെ പല തോട്ടങ്ങളും ഉപയോഗശൂന്യമായത്. പ്രതിസന്ധിയെ തുടർന്ന് തോട്ടം ഉടമകൾ പലരും വായ്പാകെണിയിലുമായി.

വിഷയത്തിൽ അധികൃതർ നടപടി സ്വീകരിക്കണം. കൊള്ള ലാഭം കൊയ്യുകയാണ് റിയൽ എസ്റ്റേറ്റ് ഉദ്യോഗസ്ഥ ലോബി. (എബി ഐപ്പ്,കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി)