sree

കോട്ടയം : മയിൽപ്പീലിയും, മഞ്ഞപ്പട്ടുമണിഞ്ഞ് ഉണ്ണിക്കണ്ണന്മാർ വീഥികളിൽ നിറഞ്ഞതോടെ നാടും നഗരവും ഭക്തി ലഹരിയിൽ ആറാടി. കുട്ടികൾ കൃഷ്ണന്റെയും ഗോപികയുടെയും വേഷം ധരിച്ച് കൃഷ്ണകരീടം അണിഞ്ഞ് ഓടക്കുഴലുമായി അണിനിരപ്പോൾ രാജവീഥികൾ അക്ഷരാർത്ഥത്തിൽ അമ്പാടിയായി.ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ 'പുണ്യമീ മണ്ണ് പവിത്രമീ ജന്മം' എന്ന സന്ദേശം ഉയർത്തി ജില്ലയിൽ 3500 സ്ഥലങ്ങളിൽ ശോഭായാത്ര നടന്നു. വയനാട് ദുരന്ത ബാധിതർക്കായി അനുസ്മരണവും പ്രാർത്ഥനയും സ്‌നേഹ നിധി സമർപ്പണവുമുണ്ടായിരുന്നു. ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും കണ്ണനൂട്ട്, വേഷപ്രദർശനം, ഗോപികാനൃത്തം, ഉറിയടി, ഭജന, ജന്മാഷ്ടമി സന്ദേശം, 101 സ്ഥലങ്ങളിൽ ഗോപൂജ, വൃക്ഷപൂജയും, വിവിധ സ്ഥലങ്ങളിൽ നദീപൂജയും നടന്നു. നഗരത്തിൽ തളിയക്കോട്ട അമ്പലക്കടവ്, മുട്ടമ്പലം, വേളൂർ, പറപ്പാടം, കോടിമത തിരുനക്കര തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആരംഭിച്ച ശോഭായാത്ര സെൻട്രൽ ജംഗ്ഷനിൽ സംഗമിച്ചു. ചലച്ചിത്രതാരം കോട്ടയം രമേശ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം അദ്ധ്യക്ഷൻ ഡോ.ടി.കെ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന നിർവാഹക സമിതി അംഗം വി.എസ് മധുസൂദനൻ ശ്രീകൃഷ്ണജയന്തി സന്ദേശം നൽകി. ജില്ല ആഘോഷസമിതി ചെയർമാൻ എം.ബി ജയൻ, ജനറൽ സെക്രട്ടറി ബി.അജിത്കുമാർ ആഘോഷ പ്രമുഖ് എം.ആർ രാജേഷ് , ജില്ലാ ബാലസമിതി അദ്ധ്യക്ഷന്മാരായ എസ്.കൃഷ്ണ ഗോവിന്ദ് മഹാദേവ്, സനാമിക കാര്യദർശിമാരായ ശ്രീനന്ദ എസ് ജാനകി, അർജ്ജുൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.