കോട്ടയം : ഈ മാസത്തെ റേഷൻ വിതരണം അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെ ജില്ലയിൽ റേഷൻ വിതരണം പാളി. നോഡൽ ഏജൻസിയായ സപ്ലൈകോയുടെയും, കരാറുകാരുടെയും അനാസ്ഥയാണ് കാരണമെന്ന് വ്യാപാരികൾ ആരോപിക്കുന്നു. കോട്ടയം താലൂക്കിലാണ് ഏറ്റവും അധികം പേർക്ക് റേഷൻ സാധനങ്ങൾ ലഭിക്കാനുള്ളത്.
സെപ്തംബറിൽ ഓണാഘോഷം ഉള്ളതിനാൽ ഈ മാസത്തെ റേഷൻ വിതരണം അടുത്ത മാസത്തേയ്ക്ക് നീട്ടാൻ സാദ്ധ്യത കുറവാണ്. ഓരോ താലൂക്കിലും വ്യത്യസ്ത റേഷൻ പോളിസിയായതിനാൽ താലൂക്ക് മാറി റേഷൻ വാങ്ങുന്നതിനും പരിമിതിയുണ്ട്. മാസത്തിലെ ആദ്യ ദിവസങ്ങളിൽ പല റേഷൻ കടകളിലും ആവശ്യത്തിന് സ്റ്റോക്ക് ഇല്ലായിരുന്നു. കരാറുകാരുടെ സമരം കാരണം ഏറെ വൈകിയാണ് വാതിൽപ്പടി വിതരണം ആരംഭിച്ചത്. ബാക്കിയുള്ള റേഷൻ കടകൾക്ക് ഉടൻ സ്റ്റോക്ക് എത്തിക്കണമെന്ന് സപ്ലൈകോയ്ക്ക് പൊതുവിതരണ വകുപ്പ് നിർദ്ദേശവും നൽകി.
പണം നൽകാതെ സർക്കാർ
വാതിൽപ്പടി വിതരണ കരാറുകാർക്ക് മേയ് മാസം വരെയുള്ള പണമാണ് സർക്കാർ അനുവദിച്ചത്. ഇതോടെ വാഹനങ്ങളുടെ ചെലവും ജീവനക്കാരുടെ കൂലിയും ഉൾപ്പെടെ കൊടുക്കുന്നത് പ്രതിസന്ധിയിലാണ്. 5 കിലോ ലഭിക്കുന്ന വെള്ള കാർഡുകാർക്ക് മൂന്നുതരം അരി വിതരണക്രമത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പോളിസി പ്രകാരമുള്ള ആവശ്യമായ സ്റ്റോക്ക് കൂടുതൽ വാഹനങ്ങൾ ഏർപ്പെടുത്തി കടകളിൽ എത്തിക്കാനായില്ല.
സമരവുമായി വ്യാപാരികൾ
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ അമയന്നൂർ എൻ.എഫ്.എസ്.എ
സംഭരണകേന്ദ്രത്തിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് കെ.കെ.ശിശുപാലൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ലിയാക്കത്ത് ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബാബു ചെറിയാൻ ,താലൂക്ക് ജനറൽ സെക്രട്ടറി ജിമ്മി തോമസ്, ജില്ലാ ഭാരവാഹികളായ രാജു പി . കുര്യൻ, എം. ദിലീപ് കുമാർ, സഖറിയ കുര്യൻ, കുഞ്ഞ് തകിടിയേൽ , പി.ആർ അരവിന്ദ് എന്നിവർ സംസാരിച്ചു.
''കാർഡുടമകളുടെ നീരസത്തിന് മറുപടി പറഞ്ഞ് മടുത്തു. സർക്കാർ അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെട്ട് പ്രതിസന്ധി പരിഹരിക്കണം.
-വ്യാപാരികൾ