പള്ളിക്കത്തോട് : പള്ളിക്കത്തോടിലെ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് പൂവത്തിളപ്പിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ
ഡോ. എൻ ജയരാജ് എം.എൽ.എയുടെ നേതൃത്വത്തിൽ ഉപരോധം സംഘടിപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി ഓഫീസ് പഞ്ചായത്ത് വക കെട്ടിടത്തിൽ വാടകയില്ലാതെ പ്രവർത്തിക്കുകയാണ്. കെട്ടിടത്തിന് ഫിറ്റ്നസ് നിഷേധിച്ചതിനെ തുടർന്നാണ് കെട്ടിടം ഒഴിയണമെന്ന് പഞ്ചായത്ത് നോട്ടീസ് നൽകിയത്. താൻ എം.എൽ.എ ആയിരിക്കുന്നിടത്തോളം കാലം ഓഫീസ് പ്രവർത്തനം പള്ളിക്കത്തോട്ടിൽ നിന്ന് മാറ്റാൻ അനുവദിക്കില്ലന്ന് ജയരാജ് വ്യക്തമാക്കി. ജില്ലാ പഞ്ചായത്തംഗം ടി .എൻ. ഗിരീഷ് കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജിജി അഞ്ചാനി, ജോമോൾ മാത്യു, ബ്ലോക്ക് , പഞ്ചായത്ത് ഭരണ സമിതിയംഗങ്ങൾ, വ്യാപാരി സംഘടനകൾ എന്നിവർ സമരത്തിൽ പങ്കെടുത്തു.