പാലാ: നാടെങ്ങും അമ്പാടിയായി ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നിരത്തിൽ നിരന്നു. ഭക്തമനസുകളിലും ഉണ്ണിക്കണ്ണന്റെയും കൂട്ടരുടെയും വാത്സല്യ ഭാവങ്ങൾ പകർന്നു. ശ്രീകൃഷ്ണ അവതാരകഥകളും ബാലലീലകളും വൈവിധ്യമുള്ള ജീവിത മുഹൂർത്തങ്ങളും അനുസ്മരിപ്പിച്ച് വർണദൃശ്യ വിസ്മയം തീർത്ത് നാടും നഗരവും ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളിൽ മുഴുകി. ആയിരക്കണക്കിന് കണ്ണന്മാരും രാധികമാരും നഗരഗ്രാമവീഥികളിൽ ആനന്ദ നടനമാടുന്ന ഭക്തിനിർഭരമായ കാഴ്ചയാണ് എവിടെയും നിറഞ്ഞത്. ബാലഗോകുലത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് ശോഭായാത്രകൾ നടന്നത്. മീനച്ചൽ താലൂക്കിലെ വിവിധ കേന്ദ്രങ്ങളിലായി 50 ഓളം ശോഭായാത്രകളും എട്ട് മഹാ ശോഭായാത്രയും നടന്നുഗോപികാനൃത്തം, നിശ്ചലദൃശ്യം,വിവിധ കലാരൂപങ്ങൾ, ഭജനസംഘങ്ങൾ, വാദ്യേമേളങ്ങൾ, സാംസ്‌കാരിക സമ്മേളനം,ഉറിയടി, വൃക്ഷപൂജ, ഗോപൂജ,നദീപൂജ എന്നിവയും നടത്തി. ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് രാവിലെ മുതൽ ഭാഗവത പാരായണം, പഞ്ചരത്ന കീർത്തനാലാപനം, അഷ്ടമിരോഹിണി സംഗീതാരാധന, ഗോപൂജ,മഹാപാൽപ്പായസനിവേദ്യം, പ്രസാദമൂട്ട്, സംഗീത കച്ചേരി, വൈകിട്ട് ശോഭായാത്ര, അഷ്ടമി രോഹിണിപൂജ എന്നിവ നടന്നു. അമ്പാടി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ പൊന്മല ദേവീ ക്ഷേത്രത്തിൽ ഗോപൂജ, ഉറിയടി, ശോഭായാത്ര, ഗോപികാ നൃത്തം എന്നിവ നടന്നു. പിഴക് തൃക്കയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീകൃഷ്ണജയന്തി അഷ്ടമിരോഹിണി മഹോത്സവവും ശോഭാ യാത്ര എളമ്പ്രക്കോടം ദേവീക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിച്ച് ശോഭായാത്ര പിഴക് ഗുരുദേവ ക്ഷേത്രാങ്കണത്തിൽ സ്വീകരണം ഏറ്റുവാങ്ങി തൃക്കയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.