വൈക്കം: വൈക്കം നഗരത്തിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന് നഗരസഭ നടപടി സ്വീകരിച്ചത് തന്റെ നിർദ്ദേശത്തെ തുടർന്നാണെന്ന വാർത്ത കെട്ടിചമച്ചതാണെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. വൈക്കത്തെന്ന് മാത്രമല്ല കേരളത്തിലൊരിടത്തുമുള്ള വഴിയോര കച്ചവടക്കാർക്കെതിരായ ഒരു നിലപാടും താൻ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വഴിയോര കച്ചവടക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു സർക്കാരിന്റ ഭാഗമാണ് താനെന്നും വസ്തുതാവിരുദ്ധമായി തന്റെ പേര് ഇക്കാര്യത്തിലേക്ക് കൊണ്ടുവന്നതിന് പിന്നിൽ നിക്ഷിപ്ത താത്പര്യങ്ങളാണുള്ളതെന്നും കൃഷി മന്ത്രി പറഞ്ഞു. തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾ അത് തിരുത്താൻ തയാറാകണമെന്നും പി പ്രസാദ് ആവശ്യപ്പെട്ടു.