കോട്ടയം: കോടിമത പച്ചക്കറി മാർക്കറ്റിന് സമീപം കൊടൂരാറിന്റെ തീരത്ത് സ്ഥാപിച്ച കുളവാഴ സംസ്‌ക്കരണ പ്ലാന്റ് തുരുമ്പെടുത്തും വള്ളിപ്പടർപ്പുകൾ കയറിയും ഉപേക്ഷിക്കപ്പെട്ട നിലയിൽ. നഗരത്തിലെ തോടുകളിലെയും ആറുകളിലെയും പോള ശല്യം നീക്കുന്നതിനായാണ് പ്ലാന്റ് സ്ഥാപിച്ചത്. അധികൃതർ തിരിഞ്ഞുനോക്കാതായതോടെയാണ് പ്ലാന്റ് കാട് മൂടി നശിച്ചത്. ഇതിനോട് അനുബന്ധിച്ച് നിർമ്മിച്ചിരിക്കുന്ന കെട്ടിടവും മെഷീനുകളും പൂർണമായും കാടുമൂടി.
2013ൽ സ്ഥാപിച്ചത്
2013ൽ കുട്ടനാട് പാക്കേജിൽ ഉൾപെടുത്തിയാണ് പ്ലാന്റ് സ്ഥാപിച്ചത്. ആറുകളിലും തോടുകളിലും തിങ്ങിനിറയുന്ന പോള സംസ്‌കരിക്കാനുള്ള ശാസ്ത്രീയമാർഗം കൂടിയായിരുന്നു പ്ലാന്റിലൂടെ ലക്ഷ്യമിട്ടത്. കുളവാഴ പ്ലാന്റിലൂടെ സംസ്‌കരിക്കുന്നതിനൊപ്പം ഈ പൾപ്പിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് മാർക്കറ്റിലെ ലൈറ്റുകൾ കത്തിക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാൽ, പ്ലാന്റ് ആരംഭിച്ച് ആഴ്ച്ചകൾ പിന്നിട്ടപ്പോഴെ ഇതിന്റെ ചോപ്പർ ഒടിഞ്ഞതിനെ തുടർന്ന് പ്രവർത്തനം നിലക്കുകയായിരുന്നു. ചോപ്പർ മാറ്റി സ്ഥാപിക്കാൻ ലക്ഷങ്ങൾ ചെലവാകും. ഇടക്കാലത്ത് നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ ഇവിടം വൃത്തിയാക്കിയിരുന്നു. അധികൃതരുടെ അവഗണനയിൽ മികച്ച മാലിന്യ സംസ്‌കരണ സംവിധാനമാണ് കാടു കയറി നശിക്കുന്നത്.