തലയോലപ്പറമ്പ്: നിയന്ത്റണംവിട്ട നാഷണൽ പെർമിറ്റ് ലോറി പെട്രോൾ പമ്പിൽനിന്ന് ഇറങ്ങുകയായിരുന്ന കാറിലിടിച്ച ശേഷം പമ്പിന്റെ മോണോലിത്തും ഡിവൈഡറും ഇടിച്ച് തകർത്തു. ഇരുവാഹനങ്ങളിലും ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കടുത്തുരുത്തി - തലയോലപ്പറമ്പ് റോഡിൽ ഇല്ലിത്തൊണ്ടിന് സമീപമുള്ള പെട്രോൾ പമ്പിന് മുൻവശത്താണ് അപകടം. പമ്പിൽനിന്നു ഡീസലടിച്ചതിനുശേഷം പാലയിലേക്ക് പോകുന്നതിനായി റോഡിലേക്ക് ഇറങ്ങുകയായിരുന്ന വൈക്കം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിന്റെ മുൻവശം ഇടിച്ചു തകർത്തശേഷം ലോറി പമ്പിലെ ഡിവൈഡറിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറ് എതിർദിശയിലേക്ക് തിരിഞ്ഞുപോയി. പമ്പിലെ ജീവനക്കാർ ഫയർ എക്‌സ്റ്റിൻഗ്യൂയിഷർ ഉപയോഗിച്ച് അപകട സമയത്തുണ്ടായ തീപ്പൊരി അണച്ചത് വൻ അപകടം ഒഴിവാക്കി. വൈക്കം ചെമ്മനത്തുകര വലിയവീട്ടിൽ ബാബു (62), ബന്ധു ചെമ്മനത്തുകര കോവാട്ട് വീട്ടിൽ അരുൺ (45) എന്നിവരാണ് കാറിലുണ്ടായിരുന്നത്.
കോട്ടയം നീലംപേരൂർ രാജേഷ് (45), ക്ലീനർ കൈപ്പുഴ സ്വദേശി അനീഷ് (42) എന്നിവരാണ് ലോറിയിലുണ്ടായിരുന്നത്. കോട്ടയത്തുനിന്ന് പൂനെയിലേക്ക് പായ്ക്കിംഗ് കെയ്‌സിനായുള്ള തടിയുമായി പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറിയുടെ മുൻവശവും എൻജിനും പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് തലയോലപ്പറമ്പ് ഏറ്റുമാനൂർ റോഡിൽ ഭാഗീകമായി ഗതാഗതം തടസപ്പെട്ടു. തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.