vvv

കോട്ടയം: നടൻ വിജയരാഘവന്റെ ഒളശയിലെ ഡയനീഷ്യയെന്ന വീട്ടുമുറ്റത്ത് കൊച്ചുമകൾ ചിന്നമ്മു ഓടിക്കളിക്കുന്നുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി ചലച്ചിത്ര നെറുകയിൽ തിലകം ചാർത്തിയ വിജയരാഘവൻ,​ കൊച്ചുമകളുടെ കുസൃതികൾക്ക് കൂട്ടുനിൽക്കുന്ന മുത്തച്ഛനാണ് വീട്ടിൽ. ആദ്യമായി സംസ്ഥാന സർക്കാരിന്റെ പുരസ്കാരം തേടിയത്തിയതിന്റെ സന്തോഷപ്പരിസരം. അവാർഡ് പ്രഖ്യാപിക്കുമ്പോൾ മകനൊപ്പം യു.കെയിലായിരുന്നു. വീട്ടിലെത്തിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. അടുത്തദിവസങ്ങളിൽ ഷൂട്ടിംഗ് തിരക്കുണ്ട്. അതുവരെയുള്ള സമയം കുടുംബത്തോടൊപ്പം ചിലവിട്ട് പരമാവധി സന്തോഷിക്കുകയാണ്.

'' അവാർഡ് വിവരം അറിഞ്ഞപ്പോഴും, ഇപ്പോഴും സന്തോഷമുണ്ട്. പക്ഷേ, അമിതമായ സന്തോഷമില്ല. ചേറാടി കറിയയ്ക്കും ദേശാടനത്തിനും രൗദ്രത്തിലെ അപ്പിച്ചായിക്കും ലീലയിലെ പിള്ളേച്ചനുമൊക്കെ അവാർഡ് കിട്ടുമെന്ന് പലരും പറഞ്ഞു. അന്നൊക്കെ അതൊക്കെ വിശ്വസിക്കുകയും ചെയ്തു. പക്ഷേ,​ അവാർഡ് കിട്ടിയില്ല. അതുകൊണ്ടാവും പൂക്കാലത്തിലെ ഇട്ടൂപ്പിന് അവാർ‌ഡ് ലഭിക്കുമ്പോൾ അമിതസന്തോഷം തോന്നാത്തത്. എന്റെ സിനിമ കണ്ട് ഒരാൾ നല്ലതെന്ന് പറയുന്നതിനപ്പുറം ഒരു അവാർഡും എന്നെ അമിതമായി ആഹ്ളാദിപ്പിച്ചിട്ടില്ല'' വിജയരാഘവൻ പറയുന്നു.

പേരുദോഷമില്ലാത്ത നടൻ

സമകാലീനരിൽ പലരെപ്പറ്റിയും ഗോസിപ്പുകളും പേരുദോഷവും ഉയരുമ്പോഴും വിജയരാഘവന്റെ വഴി വ്യത്യസ്ഥമാണ്. ഈ കാലമത്രയും വിജയരാഘവനെ പരിചയപ്പെടുന്ന ഒരു മനുഷ്യനും മോശമായി സംസാരിച്ചിട്ടില്ല. എന്താവും കാരണം?​ ചിരിയായിരുന്നു ഉത്തരം '' എന്റെ അച്ഛനിൽ നിന്ന് കിട്ടിയ സംസ്കാരമുണ്ട്. നാടകകാലത്ത് എത്രയോ നടിമാർ വീട്ടിൽ താമസിച്ചിരിക്കുന്നു. അവരെയൊക്കെ കൂടപ്പിറപ്പിനെ പോലെ കണ്ട് വളർന്നതാണ് ഞാൻ. അഭിനയം എന്റെ ജോലിയാണ്. അന്നും ഇന്നും ആരാധനയോടെയാണ് ഞാനത് ചെയ്യുന്നത്'' വിജയരാഘവൻ പറയുന്നു.