കോട്ടയം: എം.സി റോഡിന്റെ മണിപ്പുഴ മുതൽ കോടിമത പാലം വരെയുള്ള ഭാഗത്തിലൂടെ കടന്നുപോകുന്ന ഡ്രൈവ‌ർമാർക്ക് നെഞ്ചിടിപ്പ് കൂടും. അപകടവും തുടർന്നുള്ള മരണങ്ങളും പതിവായതോടെ ഇതുവഴി ഭയപ്പെടാതെ എങ്ങനെ കടന്നുപോകാനാവും. ഇന്നലെ ഇവിടെ പൊലിഞ്ഞത് രണ്ട് ജീവനുകളാണ്. ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറും പിക്കപ്പ്‌വാനും കൂട്ടിയിടിച്ചാണ് അപകടം. കോടിമതയിലെ നാലുവരിപ്പാതയിലും അപകടങ്ങൾ തുടർക്കഥയാണ്. ജൂലായ് 29ന് മണിപ്പുഴയിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം സംഭവിച്ചു. ഇന്നോവ കാർ ടൊയോട്ട ഷോറൂമിലേക്ക് തിരിയുന്നതിനിടെ വാഗണർ കാറിലും, എസ്.യുവിയിലും പിക്കപ്പിലും ടാങ്കർ ലോറിയിലും ഇടിക്കുകയായിരുന്നു. നാലുവരിപ്പാതയിൽ എ.ഐ കാമറ, സി.സി.ടി.വി എന്നിവ അടക്കം സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടങ്ങൾക്ക് കുറവില്ല.

സിഗ്നലിനെയും മറികടന്ന്
മണിപ്പുഴ സിഗ്നലിനെ മറികടക്കുന്നതിനിടെ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. മണിപ്പുഴ പാക്കിൽ റോഡിൽ നിന്നും വരുന്ന വാഹനങ്ങളും എം.സി റോഡിന്റെ ഇരുവശങ്ങളിൽ നിന്നുള്ള വാഹനങ്ങളും സിഗ്നലിനെ മറികടക്കുന്നതിനായി പലപ്പോഴും വേഗത്തിലാണ് എത്തുന്നത്. രാത്രി കാലങ്ങളിൽ സിഗ്നലിനെ അവഗണിച്ചാണ് വാഹനങ്ങളുടെ യാത്ര.

അപകടക്കെണിയായി നാലുവരിപ്പാത
കോടിമത നാലുവരിപ്പാതയിൽ ദിനംപ്രതി ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ടും റോഡിന് മദ്ധ്യഭാഗത്തെ ഡിവൈഡറിലും മീഡിയനിലും ഇടിച്ചുണ്ടാകുന്ന അപകടങ്ങളും നിത്യം. ഡിവൈഡർ കാടുമൂടിക്കിടക്കുന്നതും അപകടത്തിന് ഇടയാക്കുന്നു. ഡിവൈഡറിന്റെ മദ്ധ്യഭാഗത്തായി രണ്ട് ഇടനാഴികളുമുണ്ട്. ഒരു വശത്തുനിന്നും മറുവശത്തേക്ക് ഈ ഇടനാഴിവഴി വാഹനങ്ങൾ കടക്കുമ്പോൾ എതിർദിശയിൽ നിന്നും എത്തുന്ന വാഹനങ്ങൾക്ക് പെട്ടെന്ന് കാണാൻ കഴിയാത്ത തരത്തിൽ കാട് പടർന്നു നിൽക്കുന്നു. ഇതും അപകടത്തിന് ഇടയാക്കുന്നു. റോഡിൽ വഴിവിളക്കുകൾ തെളിയാത്തതും അപകടങ്ങൾക്ക് ഇടയാക്കുന്നു. ഇടനാഴിയിൽനിന്നും കയറിവരുന്ന വാഹനങ്ങൾ പകൽ സമയങ്ങളിൽ പോലും മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടില്ല. ഇതോടെ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ നാലുവരിപ്പാതയിൽ അപകടങ്ങളും കൂടുന്നു.

അപകടങ്ങൾക്ക് ഇടയാക്കുന്നത്
നാലുവരിപ്പാതയിൽ വാഹനങ്ങളുടെ അമിത വേഗത
അശ്രദ്ധ
ഇടനാഴിയിൽ നിന്നും വാഹനങ്ങൾ ശ്രദ്ധിക്കാതെ കടന്നു വരുന്നത്
അപകട നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തത്
വൺവേ തെറ്റിച്ച് വാഹനങ്ങൾ കടന്നുപോകുന്നത്.