പാലാ: കുമാരനാശാൻ സ്മാരക പാർക്കിനെ ഇങ്ങനെ അവഗണിക്കരുത്. പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ് 12ാം മൈലിലെ ഈ പാർക്ക്. പുല്ലും കുറ്റിച്ചെടികളും വളർന്ന് ഇഴജന്തുക്കളുടെ താവളമായി പാർക്ക്. തുടർച്ചയായി അവധി ദിവസങ്ങളെത്തിയതോടെ വൈകുന്നേരങ്ങളിൽ നിരവധി പേരാണ് കുട്ടികളുമായി പാർക്കിലെത്തുന്നത്. എന്നാൽ കളിയുപകരണങ്ങളുടെ അപകടാവസ്ഥയും പാർക്കിനുള്ളിൽ വളർന്ന പുല്ലും ഇഴ‌ജന്തുക്കളുമെല്ലാം ഭീതി പരത്തുന്നു.

കാലങ്ങളായുള്ള മഴയും വെയിലുമേറ്റ് കളിയുപകരണങ്ങൾ തകർന്ന അവസ്ഥയിലാണ്. കുട്ടികളുടെ ഇഷ്ട കളി ഉപകരണമായ ഊഞ്ഞാലുകൾ എല്ലാം തകർന്നു. നാല് ഊഞ്ഞാലുകളും ചെയിൻപൊട്ടിയ നിലയിലാണ്. ഊഞ്ഞാലാടാൻ ആളില്ലാതായതോടെ ഈ ഭാഗത്ത് കാട് വളർന്നുകഴിഞ്ഞു.

പാർക്കിന്റെ ഇടതുഭാഗത്ത് കാട്ടുപള്ളകൾ വളർന്നു പന്തലിച്ചു നിൽക്കുകയാണ്. വാക്‌വേയിലൂടെ നടക്കുന്നവർ ഇഴജന്തുക്കളെ ഭയന്ന് നടക്കേണ്ട അവസ്ഥയിലാണ്. പാർക്കിൽ കളിയുപകരണങ്ങൾ സ്ഥാപിച്ച ഭാഗം ടൈൽ വിരിച്ചിരിക്കുന്നിടത്ത് മാത്രമാണ് പുല്ല് അൽപം കുറവുള്ളത്. എങ്കിലും പല ഭാഗങ്ങളും പുല്ല് വളർന്ന നിലയിലാണ്. കുട്ടികൾക്ക് ഓടിക്കളിക്കാൻ പറ്റിയ പാർക്കിലെ ഭാഗം പൂർണമായും പുല്ല് വളർന്ന നിലയിലാണ്. മുമ്പ് ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം പാർക്ക് നിറയെ കുട്ടികളാണ് ഉണ്ടായിരുന്നത്. ഇവർക്കൊപ്പമെത്തുന്ന രക്ഷിതാക്കളും കൂടിയാകുമ്പോൾ നൂറു കണക്കിനാളുകളാണ് പാർക്കിലുണ്ടായിരുന്നത്.

പ്രശ്‌നം ശ്രദ്ധയിൽപെട്ടിട്ടുണ്ട്... എത്രയും വേഗം നന്നാക്കും

പാർക്കിലെ പ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എത്രയും വേഗം നന്നാക്കാൻ നടപടികൾ സ്വീകരിക്കും. ഇക്കാര്യം നഗരസഭ ചെയർമാൻ ഷാജു വി. തുരുത്തന്റെ ശ്രദ്ധിയിലും പെടുത്തിയിട്ടുണ്ട്.

ബൈജു കൊല്ലംപറമ്പിൽ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ, പാലാ നഗരസഭ

ജീവനക്കാരുടെ കുറവ് പ്രശ്‌നമാണ്

പാർക്ക് ശുചീകരിക്കുന്നതിന് ജീവനക്കാരുടെ കുറവ് പ്രശ്‌നമാണ്. ഇതുവരെ കുടുംബശ്രീക്കാർ പരിപാലിച്ചിരുന്നു. അവർ ഇപ്പോൾ ഒഴിഞ്ഞു പോയി. എങ്കിലും എത്രയും വേഗം പാർക്ക് നന്നാക്കാൻ നടപടികൾ സ്വീകരിക്കും.

ലിസിക്കുട്ടി മാത്യു
ആരോഗ്യ വിഭാഗം സ്റ്റാൻഡിഗ് കമ്മറ്റി ചെയർപേഴ്‌സൺ