പാലാ: ''എടാ.. നമ്മുടെ ചെണ്ടുമല്ലിയെല്ലാം പൂവിട്ടു....'' നാലാം ക്ലാസുകാരൻ അലൻ സിജോയുടെ സന്തോഷം കണ്ട് കൂട്ടുകാരായ മാധവ് അജേഷും വസുദേവ് കെ നമ്പൂതിരിയും ആദിനാഥ് വിനുവും കൃഷ്ണഗാഥയുമൊക്കെ ഓടിയെത്തി; നെച്ചിപ്പുഴൂർ ദേവിവിലാസം എൻ.എസ്.എസ് എൽ.പി സ്‌കൂളിന് പിന്നിലെ തൊടിയിൽ മഞ്ഞവസന്തം വിരിയിച്ച് ചെണ്ടുമല്ലികൾ പൂത്തുനിൽക്കുന്നു. എല്ലാംകണ്ട് കുരുന്നുകളും പുഞ്ചിരി തൂകി.
കഴിഞ്ഞവർഷം സ്‌കൂളിൽ പച്ചക്കറിക്കൃഷി നടത്തിയ തൊടിയിൽ ഇത്തവണ ചെണ്ടുമല്ലി കൃഷി ചെയ്യാമെന്ന് തീരുമാനിച്ചത് ഹെഡ്മിസ്‌ട്രസ് ബിന്ദു ജി നായരാണ്. അദ്ധ്യാപകരായ നിതിനും, ആരതി രാജും അശ്വതിയും ചിത്ര ശ്രീകുമാറും രഞ്ജിനി പ്രശാന്തും പിന്നെ കുട്ടിക്കൂട്ടവും പിന്തുണയുമായി ഒപ്പം ചേർന്നു. തൊടിയിൽ തടം എടുക്കാനും ചെണ്ടുമല്ലി തൈകൾ നടാനും പരിപാലിക്കാനുമെല്ലാം കുട്ടികൾ ഉത്സാഹം കാട്ടി. ഇടനാട് സഹകരണബാങ്കാണ് ചെണ്ടുമല്ലി തൈകൾ സൗജന്യമായി നൽകിയത്. അഞ്ചൂറ് ചുവടിൽ മുന്നൂറിൽ പരം എണ്ണം ഇപ്പോൾ പൂവിട്ടു. ബാക്കിയുള്ളവയിലും മൊട്ടുകൾ വിരിഞ്ഞു കഴിഞ്ഞു.
ഓണമെത്തി, വിളവെടുപ്പും
ഓണത്തോടനുബന്ധിച്ച് പൂക്കളുടെ വിളവെടുപ്പ് നടക്കും. സ്‌കൂളിലെ ഓണാഘോഷ പരിപാടികൾക്ക് ദേവിവിലാസം എൽ.പി സ്‌കൂളിലെ കുട്ടികൾ ഇത്തവണ പൂക്കളമിടുന്നത് സ്വന്തം പൂക്കൾ കൊണ്ടാകും. മിച്ചം വരുന്ന പൂക്കൾ മറ്റ് സ്‌കൂളുകൾക്ക് കൈമാറും.