manoj-and-presanna

കോട്ടയം: എം.സി റോഡിൽ മണിപ്പുഴയിലെ സിവിൽ സപ്ലൈസ് കോർപ്പറേഷൻ പമ്പിന് സമീപം പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. മൂലവട്ടം (കോടിമത) പുത്തൻപറമ്പിൽ വീട്ടിൽ പി.എസ്. മനോജ് (45), ഭാര്യ പ്രസന്ന (38) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.

കല്യാണ ചടങ്ങിൽ പങ്കെടുത്തശേഷം ഇരുവരും കോടിമതയിലെ ഇവരുടെ കടയിലേക്ക് വരികയായിരുന്നു. പമ്പിൽ നിന്നും പെട്രോൾ അടിച്ചശേഷം റോഡിലേക്ക് പ്രവേശിക്കുമ്പോൾ കോട്ടയം ഭാഗത്ത് നിന്നും അമിത വേഗത്തിൽ എത്തിയ ദോസ്ത് പിക്കപ്പ് വാൻ ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു.

ഈ സമയം ഇതുവഴി വന്ന ആംബുലൻസിൽ രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മനോജ് ജില്ലാ ആശുപത്രി മുൻ ജീവനക്കാരനും നിലവിൽ നാട്ടകം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ അറ്റൻഡറുമായിരുന്നു. വർഷങ്ങളായി കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തുകയാണ് പ്രസന്നയും മനോജിന്റെ മാതാവ് സരസമ്മയും. കോടിമതയിലെ കുടുംബവീട്ടിൽ നിന്നും മൂലവട്ടത്ത് പുതുതായി പണികഴിപ്പിച്ച വീട്ടിലേക്ക് മാറിയിട്ട് അധികം നാളായില്ല.

ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ചിങ്ങവനം പൊലീസും അഗ്‌നിശമനസേനാ സംഘവും സ്ഥലത്ത് എത്തിയിരുന്നു. മക്കൾ: അനന്തകൃഷ്ണൻ (പ്ലസ് വൺ വിദ്യാർത്ഥി ഹോളിഫാമിലി ഹയർസെക്കൻഡറി സ്‌കൂൾ), അമൃത (ഏഴാം ക്ലാസ് വിദ്യാർത്ഥിനി,​വിദ്യാധിരാജ സ്‌കൂൾ). സംസ്‌കാരം പിന്നീട്.