കോട്ടയം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൈയ്ക്ക് പരിക്കേറ്റ ഡിഗ്രി വിദ്യാർത്ഥിയ്ക്ക് നഷ്ടപരിഹാരമായി കോട്ടയം മോട്ടോർ ആക്‌സിഡന്റ് ക്ലെയിം കോടതി 19 ലക്ഷം രൂപ അനുവദിച്ചു. തുക ഹർജിക്കാരന് രണ്ടുമാസത്തിനകം ചോളമണ്ഡലം ഇൻഷുറൻസ് കമ്പനി നൽകണം. 2021 ജൂലായ് 4നാണ് അപകടം. ബൈക്ക് ഓടിച്ചുപോയ വിദ്യാർത്ഥിയെ എതിർദിശയിൽ അമിതവേഗതയിൽ വന്ന മറ്റൊരു ബൈക്ക് ഓട്ടക്കാഞ്ഞിരത്ത് വച്ച് ഇടിക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ വലതുകൈക്ക് പരിക്കേൽക്കുകയും സ്വാധീനം കുറയുകയും ചെയ്തു. വിദ്യാർത്ഥിക്കുവേണ്ടി അഡ്വ.പ്രകാശ് പാമ്പാടി, വി.ആർ പ്രസന്നകുമാരി, പി.പ്രിയേഷ് എന്നിവർ കോടതിയിൽ ഹാജരായി.