കോട്ടയം: നവീകരിച്ച നാഗമ്പടം മേൽപ്പാലം റോഡ് വിണ്ടുകീറി വീണ്ടും കുഴികൾ രൂപപ്പെട്ടതോടെ ഇതുവഴിയുള്ള യാത്ര ദുരിതമായി. പാലത്തിന്റെ പ്രധാന ഗർഡറുകളുടെ മുകളിൽ പാകിയ കോൺക്രീറ്റാണ് വിണ്ടുകീറി കുഴികൾ രൂപപ്പെട്ടത്. മഴവെള്ളം ഒലിച്ചുപോകാൻ ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കാത്തതും യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതുമാണ് കോൺക്രീറ്റ് പാളികൾ പൊട്ടിപ്പൊളിയാൻ കാരണം. പാലത്തിലെ കുഴികൾ മൂടേണ്ട ചുമതല പൊതുമരാമത്ത് വകുപ്പിന് കീഴിലെ അറ്റകുറ്റപ്പണി വിഭാഗത്തിനാണ്. കുഴികളിൽ അപകടങ്ങൾ പതിവാകുകയും പരാതികളും ഉയരുമ്പോൾ മാത്രമാണ് അധികൃതർ അറ്റകുറ്റപ്പണികൾ നടത്തുന്നത്. മുൻപ് റെയിൽവേയുടെ കൈവശമായിരുന്നു മേൽപാലവും ഇരുവശങ്ങളിലുള്ള സമീപപാതകളും
ഇരുചക്രവാഹനയാത്ര ഏറെ ദുരിതം
കോൺക്രീറ്റ് ഇളകിയ ഭാഗത്ത് റോഡിലെ ടാറിംഗ് ഇളകി മെറ്റലുകൾ റോഡിൽ ചിതറിക്കിടക്കുകയാണ്. ഇത് ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ട് തെന്നിമറിയുന്നതിന് ഇടയാക്കുന്നു. കുഴി ഒഴിവാക്കുന്നതിനായി പെട്ടെന്ന് ബ്രേക്ക് ചവിട്ടുമ്പോൾ പിന്നാലെയെത്തുന്ന വാഹനം ഇടിച്ചുണ്ടാകുന്ന അപകടം പതിവാണ്. ഇരുചക്രവാഹന യാത്രികരാണ് കൂടുതൽ അപകടത്തിൽപ്പെടുന്നതും.
പൊലിഞ്ഞത് നിരവധി ജീവനുകൾ
ഏതാനും മാസങ്ങൾക്ക് മുൻപ് മേൽപാലത്തിന്റെ സമീപത്തെ പാതയിൽ ഇരുചക്രവാഹനത്തിന്റെ പിന്നിലിരുന്ന യാത്ര ചെയ്തിരുന്ന വീട്ടമ്മ അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ ദിനം പ്രതിസംഭവിക്കുന്നത്. പാലം ഇറങ്ങി വരുന്ന റോഡിൽ സ്ഥാപിച്ചിരിക്കുന്ന സിഗ്നൽലൈറ്റുകൾ നോക്കുകുത്തിയായിട്ട് നാളുകളേറെയായി. സിഗ്നൽ സംവിധാനം പുനസ്ഥാപിക്കുന്നതിനുള്ള നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല.
റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്ത് കുഴികൾ നികത്തണം.
-യാത്രക്കാർ