paalam

കോരുത്തോട് : 2018 ലെ പ്രളയത്തിൽ തകർന്നതാണ് അഴുതയാറിന് കുറുകെയുള്ള തോപ്പിൽ കടവ് പാലം. അന്നു തുടങ്ങിയതാണ് പെരുവന്താനം പഞ്ചായത്തിലെ എട്ടാം വാർഡ് മൂഴിക്കൽ, കുറ്റിക്കയം, നമ്പുപ്പാറ പ്രദേശത്തെ ജനങ്ങളുടെ ദുരവസ്ഥ. പ്രദേശവാസികൾക്ക് പഞ്ചായത്ത് ആസ്ഥാനമായ പെരുവന്താനത്തേക്ക് പോകുന്നതിനേക്കാൾ എളുപ്പം പാലം കടന്ന് കോരുത്തോട്ടിലെത്തുന്നതാണ്. നടപ്പാലം പ്രളയത്തിൽ തകർന്നതോടെ ആറ് മുറി കടക്കാൻ പെരുവന്താനം പഞ്ചായത്ത് ചങ്ങാടം ഒരുക്കി നൽകിയിരുന്നു. എന്നാലതും പിന്നീട് തകർന്നു. ഇതോടെ പ്രദേശവാസികൾ ഒത്തുചേർന്ന് സർവ്വകക്ഷി യോഗം വിളിച്ചു. നടപ്പാലം നിർമ്മാണത്തിനായി ജനകീയ കമ്മിറ്റിയും രൂപീകരിച്ചു. ജനങ്ങളിൽനിന്നും മറ്റ് സംഘടനകളിൽ നിന്നും ഫണ്ട് സ്വരൂപിച്ച് 2022 ജൂലായ് മാസത്തിലാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്.

നാളെ പാലം തുറന്നുകൊടുക്കും

ജനകീയ സമിതിയുടെ നേതൃത്വത്തിൽ നിർമ്മിച്ച നടപ്പാലം വെള്ളിയാഴ്ച പൊതുജനങ്ങൾക്ക് തുറന്നു നൽകുമെന്ന് ജനകീയ സമിതി രക്ഷാധികാരി കെ.ബി രാജൻ, കൺവീനർ സി.എസ് രാജൻ, പാലം നിർമ്മാണ കമ്മിറ്റി ചെയർമാൻ ജോജോ പാമ്പാടത്ത്, സെക്രട്ടറി ലാലി സുകുമാരൻ എന്നിവർ അറിയിച്ചു. രാവിലെ 11ന് തോപ്പിൽ കടവ് ജംഗ്ഷനിൽ നടക്കുന്ന സമ്മേളനത്തിൽ ജനകീയ സമിതി രക്ഷാധികാരി കെ.ബി രാജൻ അദ്ധ്യക്ഷത വഹിക്കും. എംജി യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്ക് കരസ്ഥമാക്കിയ വൃന്ദ സാബു ഉദ്ഘാടനം നിർവഹിക്കും. കോരുത്തോട് സെന്റ് ജോർജ് പള്ളി വികാരി ഫാ.സഖറിയ ഇല്ലിക്കമുറി അനുഗ്രഹ പ്രഭാഷണവും, ഇ.ഡി.സി കോൺഫറേഷൻ ചെയർമാൻ എം.കെ. ഷാജി മുഖ്യപ്രഭാഷണം നടത്തും. പദ്ധതിക്കായി സ്ഥലം നൽകിയ രാജു ഇടഞ്ഞാലിൽ, കെ.ആർ.സുരേഷ്, ഫാ.സഖറിയ ഇല്ലിക്കമുറി, സി.കെ. ഓമനക്കുട്ടൻ എന്നിവരെ ആദരിക്കും. പി.പി.പ്രമോദ്, എം.കെ. ഷാജി, ലാലി സുകുമാരൻ, ജോജോ പാമ്പാടത്ത്, റോബിൻസ്, റോണി എബ്രഹാം, ജെറ്റി ജെറോസ്, റ്റി.സി.മോഹൻ ദാസ്, കെ.ഡി. വിജയാനന്ദൻ, സന്തോഷ്‌ കുമാർ എന്നിവർ പ്രസംഗിക്കും. കൺവീനർ സി എസ് രാജൻ സ്വാഗതവും, നിർമ്മാണ കമ്മിറ്റി ട്രഷറർ എം.പി സന്തോഷ് കുമാർ നന്ദിയും പറയും.

8 ലക്ഷത്തി 55,000 രൂപ വിനിയോഗിച്ചാണ് നടപ്പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.