park

പാലാ: പന്ത്രണ്ടാം മൈലിലെ കുമാരനാശാൻ സ്മാരക ചിൽഡ്രൻസ് പാർക്ക് എത്രയും വേഗം നവീകരിക്കുമെന്ന് പാലാ നഗരസഭ ചെയർമാൻ ഷാജു വി. തുരുത്തൻ പറഞ്ഞു. ഇവിടെ ആധുനിക റൈഡുകൾ സ്ഥാപിക്കും. സ്വകാര്യ പങ്കാളിത്തത്തോടെ കുമാരനാശാൻ സ്മാരക പാർക്കിന്റെ പ്രവർത്തനം ഊർജ്ജിതമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ചെയർമാൻ വിശദീകരിച്ചു.
ഊഞ്ഞാലുകൾ പൊട്ടി, കാടുകയറിയ കുമാരനാശാൻ സ്മാരക പാർക്കിന്റെ ശോച്യാവസ്ഥ 'കേരള കൗമുദി ' ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് പാർക്ക് നവീകരിക്കുന്നതിന് നഗരസഭ ലക്ഷ്യമിട്ടിട്ടുണ്ടെന്ന അറിയിപ്പുമായി ചെയർമാൻ രംഗത്തു വന്നത്.

നിലവിലെ സാഹചര്യത്തിൽ നഗരസഭയ്ക്ക് നേരിട്ട് പാർക്ക് നവീകരിച്ച് നിത്യ പരിപാലനം നടത്താൻ ചില ബുദ്ധിമുട്ടുകളുണ്ട്. പാർക്കിന്റെ പ്രവർത്തനം ശക്തമാക്കുന്നതിന് കൗൺസിലർമാർ ഒറ്റക്കെട്ടാണ്. പാർക്ക് കൂടുതൽ മനോഹരമാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിന് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്നലെ ചേർന്നു. ഇതു സംബന്ധിച്ച് വിശദമായി പഠിച്ച് സ്റ്റിയറിംഗ് കമ്മിറ്റി ഉടൻ നഗരസഭയ്ക്ക് റിപ്പോർട്ട് നൽകും. ഇത് കൗൺസിലിന്റെ പരിഗണനയ്ക്ക് വെച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു.

പാർക്കിലെ നിലവിലുള്ള ശോച്യാവസ്ഥ ഉടൻ പരിഹരിക്കും. സ്വകാര്യ മേഖലയെ പാർക്കിന്റെ ചുമതല നിയമാനുസരണം ഏൽപ്പിച്ചു കൊടുത്താൽ കൂടുതൽ വികസന കാര്യങ്ങൾ പാർക്കിൽ ഏർപ്പെടുത്താൻ കഴിയും. ഇതേപ്പറ്റിയും ആലോചിക്കുന്നുണ്ട്. പാർക്കിൽ കുമാരനാശാന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കാനും നടപടികളായി വരുന്നതായും ചെയർമാൻ ഷാജു വി. തുരുത്തൻ പറഞ്ഞു.