
കോട്ടയം: എരുമേലി പഞ്ചായത്ത് മൂന്നാം വാർഡിലെ ചേനപ്പാടി കടവനാൽകടവ് -ഹെൽത്ത് സെന്റർ റോഡ് കാൽനടയ്ക്ക് പോലും പറ്റാത്ത വിധം തകർന്നു. വർഷങ്ങളായി ചേനപ്പാടിക്കാർ പരാതി പറഞ്ഞിട്ടം റോഡ് നന്നാക്കുന്നതിൽ നടപിയൊന്നുമില്ല. നൂറിലധികം വീടുകളും ക്ഷേത്രവും ഉൾപ്പെടെ സ്ഥിതി ചെയ്യുന്നിടത്താണ് ദുരവസ്ഥയിലൊരു റോഡ്.
2017 ൽ അറ്റകുറ്റപ്പണികൾ നടത്തിയ ശേഷം പഞ്ചായത്ത് അധികൃതർ ഈ റോഡിലേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. വാർഡ് അംഗത്തോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. രണ്ട് റബ്ബർ ഫാക്ടറികൾ, ഒരു ഫാർമസി കോളേജ്, ഒരു ഫർണിചർ വർക്ക് ഷോപ്പ്, ഹോളോ ബ്രിക്സ് ഫാക്ടറി, 100 ൽ അധികം വീടുകൾ, കിഴക്കേക്കര ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലേയ്ക്കുള്ള വാർഡിലെ ഏറ്റവും പ്രധാനപ്പെട്ട റോഡാണിത്. ബൈക്ക് യാത്രക്കാർ നെഞ്ചിടിപ്പോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്.
അപകടം പതിവാണ്. ഗട്ടറിൽ വീണ് കാറിന്റെ അടിഭാഗം ഇടിച്ച് കേടുപാടുണ്ടാകുന്നതും പതിവാണ്. റോഡിന്റെ ഒരു ഭാഗമായ പുതുശ്ശേരി പടിയിലെ വലിയ കയറ്റം തകർന്നപ്പോൾ നാട്ടുകാരിൽ ചിലർ ചേർന്ന് പണം മുടക്കി കുറച്ച് ഭാഗം കോൺക്രീറ്റ് ചെയ്തിരുന്നു. എന്നാൽ പ്രദേശത്തുള്ള വൻകിട ലാറ്റക്സ് ഫാക്ടറിയിലേക്കുള്ള ഭാരവാഹനങ്ങൾ കയറിയതോടെ റോഡ് വീണ്ടും തരിപ്പണമായി.
കരാറുകാർ തയ്യാറാകുന്നില്ലെന്ന്
ടാറിംഗ് ജോലികൾ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകുന്നില്ലെന്നാണ് വാർഡ് മെമ്പർ പറയുന്നത്. മുൻപ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഫണ്ട് അനുവദിക്കാമെന്ന് അറിയിച്ചപ്പോഴും ഇതേ കാരണം പറഞ്ഞ് വാർഡ് മെമ്പർ വഴിമുടക്കിയെന്നും നാട്ടുകാർ ആരോപിക്കുന്നു.