കോട്ടയം: പെൻഷൻ ഫണ്ട് തിരിമറിയുടെ പശ്ചാത്തലത്തിൽ കോട്ടയം നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനും വൈസ് ചെയർമാൻ ബി.ഗോപകുമാറിനുമെതിരേ എൽ.ഡി.എഫിന്റെ അവിശ്വാസ പ്രമേയം ഇന്ന്. രാവിലെ ഒമ്പതിനാണ് യോഗം വിളിച്ചിരിക്കുന്നതെങ്കിലും യു.ഡി.എഫും ബി.ജെ.പിയും വിട്ടു നിൽക്കാൻ തീരുമാനിച്ചതോടെ ക്വാറം തികയാത്തതിനാൽ അവിശ്വാസം ചർച്ചയ്‌ക്കെടുക്കാൻ കഴിയില്ല.
52 അംഗ കൗൺസിലിൽ ക്വാറം തികയണമെങ്കിൽ 26 പേരും പാസാകണമെങ്കിൽ 27 പേരുടെ പിന്തുണയും വേണം. യു.ഡി.എഫിനും എൽ.ഡി.എഫിനും അംഗബലം തുല്യമാണ്. 22 അംഗങ്ങൾ വീതം. എട്ട് അംഗങ്ങളുള്ള ബി.ജെ.പിയുടെ സാന്നിദ്ധ്യം നിർണായകമാണ്. ബി.ജെ.പി കൂടി വിട്ടു നിൽക്കുന്നതോടെ ഫലത്തിൽ യു.ഡി.എഫിന് ആശ്വസിക്കാം.
മൂന്നാമത്തെ അവിശ്വാസം
ബിൻസി സെബാസ്‌റ്റ്യനെതിരേ മുമ്പ് രണ്ടു തവണ എൽ.ഡി.എഫ്. അവിശ്വാസം കൊണ്ടുവന്നിരുന്നു. ആദ്യത്തേത് ബി.ജെ.പി പിന്തുണയോടെ പാസായെങ്കിലും പിന്നീട് നടന്ന അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിട്ടുനിന്നതോടെ ബിൻസി തിരികെ എത്തി. രണ്ടാമത്തെ അവിശ്വാസത്തിൽ ബി.ജെ.പി വിട്ടു നിന്നതിനാൽ ചർച്ചയ്ക്കു പോലും എടുത്തില്ല.
ഉച്ചകഴിഞ്ഞു രണ്ടിനാണ് ഉപാദ്ധ്യക്ഷൻ ബി.ഗോപകുമാറിനെതിരായ അവിശ്വാസം. അദ്ധ്യക്ഷയ്‌ക്കെതിരായ അവിശ്വാസത്തിലെ അതേ നിലപാട് വൈസ് ചെയർമാനെതിരായ അവിശ്വാസത്തിലും ബി.ജെ.പി സ്വീകരിക്കും. ബിൻസി സെബാസ്‌റ്റ്യനെതിരേ സി.പി.എം തിരഞ്ഞെടുപ്പ് കമ്മീഷനു നൽകിയിട്ടുള്ള കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള പരാതിയുടെ അന്തിമവാദവും ഇന്നു നടക്കും. സ്വതന്ത്റയായി ജയിച്ച ബിൻസി യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും പരിപാടികളിൽ പങ്കെടുത്തെന്ന പരാതിയിലാണ് തുടർ നടപടികൾ. തിരുവനന്തപുരത്താണ് വാദം കേൾക്കുന്നത്. രണ്ടു ഭാഗത്തെയും അഭിഭാഷകരുടെ വാദം ഇന്നു കേൾക്കും. മറ്റുള്ളവരുടെ വിസ്താരം നേരത്തെ പൂർത്തിയായിരുന്നു.
എൻ.ജി.ഒ യൂണിയൻകാരനായ പെൻഷൻ ഫണ്ട് തട്ടിച്ച അഖിലിനെ സംരക്ഷിക്കുന്നതാണ് എൽ.ഡി.എഫ് നിലപാട്. നിൽക്കക്കള്ളയില്ലാതെയാണ് അവിശ്വാസവുമായി രംഗത്തിറങ്ങിയത്. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ഒത്തുകളിക്ക് ബി.ജെ.പി നിന്നുകൊടുക്കേണ്ടതില്ലാത്തതിനാൽ അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. പകരം, ഇരുകൂട്ടർക്കുമെതിരെ സമര രംഗത്തുണ്ടാവും.
ലിജിൻ ലാൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ്