പാലാ : ഒരു മഴ പെയ്താൽ എവിടെയൊന്ന് കയറിനിൽക്കും. പാലാ നഗരത്തിലെ കാത്തിരിപ്പ് കേന്ദ്രങ്ങളെ ആശ്രയിക്കാമെന്ന് വച്ചാൽ കാര്യം അല്പം റിസ്ക്കാണ്. അടർന്നുവീഴുന്ന സീലിംഗുകൾ, തൂങ്ങിയാടുന്ന ഫാൻ, ഒറ്റക്കമ്പിയിലെ ഇരിപ്പ്...ഏതു നിമിഷവും നിലംപതിക്കാം. തലയ്ക്ക് മീതെ ദുരന്തം ആടിയുലയുമ്പോൾ എങ്ങനെ ഊരുറപ്പിച്ച് നിൽക്കുമെന്നാണ് യാത്രക്കാരുടെ ചോദ്യം. പക്ഷെ കാണേണ്ടവർ ഇതൊന്നും കാണുന്നില്ല. ചൊവ്വാഴ്ച വൈകിട്ട് മൂന്നാനിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ സീലിംഗ് അടർന്നുവീണെങ്കിലും യാത്രക്കാർ ആരുമില്ലാതിരുന്നതിനാൽ വൻ അപകടം വഴിമാറി. ഭാഗ്യം എപ്പോഴും തുണയ്ക്കണമെന്നില്ല. 2017 - 18 കാലഘട്ടത്തിൽ നിർമ്മിച്ച വെയ്‌റ്റിംഗ് ഷെഡാണ് വലിയ ശബ്ദത്തോടെ നിലംപതിച്ചത്. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതാണ് കാരണമെന്നാണ് ആക്ഷേപം.
സ്റ്റേഡിയം ജംഗ്ഷനിലെ കാത്തിരിപ്പുകേന്ദ്രത്തിന്റെ ഒരു ഭാഗത്തെ സീലിംഗ് തകർന്നിട്ട് നാളേറെയായി.
സ്‌കൂൾ - കോളേജ് വിദ്യാർത്ഥികളുൾപ്പെടെ ഇവിടെയാണ് ബസ് കാത്തുനൽക്കുന്നത്. മഴ പെയ്താൽ നനയുകയല്ലാതെ വേറെ മാർഗമില്ല.
ഭീഷണിയായി വൻമരങ്ങളും
പാലാ ടൗൺ ബസ് സ്റ്റാൻഡിനോട് ചേർന്ന് റിവർവ്യു റോഡിൽ കോട്ടയം ഭാഗത്തും കാത്തിരിപ്പ് കഠിനമാണ്. സമീപം നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ മേൽക്കൂരയിലേക്ക് ചാഞ്ഞ് നിൽക്കുകയാണ്. കാറ്റൊന്ന് ആഞ്ഞുവീശിയാൽ യാത്രക്കാർക്ക് നെഞ്ചിൽ തീയാണ്. കഴിഞ്ഞ ദിവസം വലിയൊരു ശിഖരം ഒടിഞ്ഞെങ്കിലും ളാലം തോട്ടിലേക്കാണ് പതിച്ചത്. ഇരിപ്പിടത്തിലെ കമ്പികളും നശിച്ചു. സ്റ്റാൻഡിനുള്ളിലെ പഴയ വെയിറ്റിംഗ് ഷെഡും തകർച്ചയിലാണ്. പാലാ ജനറലാശുപത്രി ജംഗ്ഷനിൽ ഹൈവേ ഓരത്തുള്ള കാത്തിരിപ്പുകേന്ദ്രത്തിന്റെ തറയിലെ ടൈലുകൾ പൊട്ടിച്ചിതറിക്കിടക്കുകയാണ്. ഒരു വശത്തുകൂടി മലിനജലമൊഴുകുന്നതും യാത്രികർക്ക് ഇരട്ടി ദുരിതം സമ്മാനിക്കുന്നു.
പരിഹാരം കാണും
നഗരത്തിലെ വിവിധ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തി അടിയന്തരമായി പ്രശ്‌ന പരിഹാരമുണ്ടാക്കും.
ഷാജു. വി തുരുത്തൻ
പാലാ നഗരസഭാ ചെയർമാൻ