എലിക്കുളം: എലിക്കുളത്ത് ആറുപേർക്ക് പേയുണ്ടെന്ന് സംശയിക്കുന്ന നായയുടെ കടിയേറ്റു. ഏഴുമണിക്കൂറിലേറെ നാടിനെ മുൾമുനയിൽ നിർത്തിയ നായയെ വെടിവെച്ചു കൊന്നു. മറ്റൊരു നായകൂടിയുണ്ടെന്ന സംശയത്തിൽ നാട്ടുകാർ തിരച്ചിൽ നടത്തുന്നുണ്ട്.
എലിക്കുളം പഞ്ചായത്ത് നാലാം വാർഡിൽ കോഴിമല കൊച്ചുമോൻ (52), അഞ്ചാംവാർഡിൽ പൗവത്ത് ടിനോയ് ടോം (30), നിരപ്പേൽ ദിവാകരൻ (58), ആറാംവാർഡിൽ കരിമലക്കുന്നേൽ ചന്ദ്രൻ (67), ശശിധരൻ നായർ ചെമ്പകശ്ശേരിൽ (70), കരിമലക്കുന്നേൽ ഇന്ദിര (50) എന്നിവർക്കാണ് കടിയേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. വീട്ടിൽ വളർത്തുന്ന നായയാണ് പരാക്രമം കാട്ടിയത്. എലിക്കുളം മഞ്ചക്കുഴി, കരിമലക്കുന്ന്, മല്ലികശ്ശേരി, പാമ്പോലി, കുരുവിക്കൂട്, കാരക്കുളം പ്രദേശങ്ങളിലെല്ലാം നായ എത്തി. രണ്ട് മുതൽ ആറ് വരെയുള്ള വാർഡുകളിലെ വിവിധ ഭാഗങ്ങളിലൂടെ കിലോമീറ്ററുകളോളം ഓടി. വളർത്തുമൃഗങ്ങളെയും കടിച്ചതായി സംശയിക്കുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട്, അംഗങ്ങളായ സെൽവി വിത്സൺ, ഷേർലി അന്ത്യാംകുളം, ദീപ ശ്രീജേഷ്, മാത്യൂസ് പെരുമനങ്ങാട്, ആശാമോൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ നിരവധി പേർ നായയുടെ പിന്നാലെ തിരച്ചിലിനുണ്ടായിരുന്നു.