തലയോലപ്പറമ്പ്: വെട്ടിക്കാട്ട്മുക്ക് മിടായിക്കുന്നത്ത് നിന്നും പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്ന അന്തർസംസ്ഥാന മോഷ്ടാവിനെ പിടികൂടി.
കന്യാകുമാരി സ്വദേശി ഉമേഷ് റെഡ്ഡിയെയാണ് (47) മറ്റൊരു മോഷണ കേസിൽ കണ്ണൂർ തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം കണ്ണൂരിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഉമേഷ് റെഡ്ഢി പിടിയിലാകുന്നത്. തുടർന്നു നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ വൈക്കം ആറാട്ടുകുളങ്ങരയിലും തലയോലപ്പറമ്പ് മിടായിക്കുന്നത്തും മോഷണം നടത്തിയത് താനാണെന്ന് ഇയാൾ സമ്മതിച്ചു. മിടായിക്കുന്നം തട്ടുംപുറത്ത് ടി.കെ.മധുവിന്റെ വീട്ടിൽ നിന്നും ജൂൺ 21 ന് പട്ടാപകലാണ് 12 പവനും 13,000 രൂപയും അപഹരിച്ചത്. സംഭവ ദിവസം വീട്ടിൽ ആളില്ലെന്ന് ഉറപ്പ് വരുത്തി ആയുധം ഉപയോഗിച്ച് വാതിൽ കുത്തിതുറന്നാണ് മോഷണം നടത്തിയത്. തലയോലപ്പറമ്പ് എസ് എച്ച് ഒ.വിപിൻ ചന്ദ്രൻ, എസ് ഐ പി.എസ്.സുധീരൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവ ദിവസം ഇയാളെ കണ്ട മധുവിന്റെ അയൽവാസി പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി ആഭരണങ്ങൾ വിറ്റ തൃശൂരിലുള്ള ജ്വല്ലറിയിൽ നിന്നും പൊലീസ് ആഭരണങ്ങൾ കണ്ടെടുത്തു. കർണാടകയിലും, തമിഴ്‌നാട്ടിലും, കേരളത്തിലെ വിവിധ ജില്ലകളിലും നിരവധി മോഷണ കേസുകൾ ഇയാളുടെ പേരിലുണ്ട്.