road

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് നാലാം വാ‌ർഡിലെ വില്ലേജ് ഓഫീസ് വെള്ളാക്കാവ് ആണ്ടൂർ റോഡിലൂടെ യാത്ര ചെയ്യണമെങ്കിൽ നല്ല ക്ഷമ വേണം. തകർന്നുതരിപ്പണമായ ഈ റോഡിലൂടെ കാൽനടയാത്രക്കാർക്ക് പോലും നടന്നുപോകാനാവാത്ത അവസ്ഥയുണ്ട്. പിന്നെ വാഹനയാത്രക്കാരുടെ കാര്യം പറയുകയും വേണ്ട. പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളിലെ യാത്രയാണെങ്കിൽ ദുരിതം കൂടും. ഒരു കുഴിയിൽ നിന്നും മറ്റൊരു കുഴിയിലേക്കൊരു സാഹസിക പോക്ക്. ബാലൻസ് തെറ്റിയാൽ തലയുംകുത്തി താഴെ കിടക്കും.

മഴ പെയ്താലുടൻ റോഡിലെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കും. ആഴം അറിയാതെ എത്തുന്ന ഇരുചക്രവാഹനങ്ങൾ കുഴിയിൽ ചാടി മറിയുന്നത് പതിവാണ്. യാത്രക്കാർക്ക് പരിക്കും വാഹനങ്ങൾക്ക് കേടുപാടും സംഭവിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ റോഡിൽ അവശേഷിച്ചിരുന്ന ടാറിംഗുംകൂടി ഒഴുകിപ്പോയി. ഈ ഭാഗങ്ങളിൽ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്.

വെള്ളാക്കാവ് ക്ഷേത്രത്തിലേക്ക് നിരവധി ഭക്തർ എത്തുന്നുണ്ട്. തകർന്ന വഴി ഇവർക്കും ദുരിതമാകുന്നു. വെള്ളാക്കാവ് മുതൽ ആണ്ടൂർ ആനശ്ശേരികവല വരെയുള്ള ഭാഗം ടാർ ചെയ്തിട്ട് പതിറ്റാണ്ടുകളായി. കാൽനടയാത്രപോലും ദുഷ്‌കരം.

ജനങ്ങൾ പ്രതിഷേധമുയർത്തിയതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് റോഡ് റീടാർ ചെയ്യുമെന്ന് പ്രചാരണം നടന്നിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല. ഈ റോഡിൽ വഴിവിളക്കുകളില്ലാത്തതും പ്രശ്‌നമാണ്. രാത്രികാല യാത്രക്കാർ ഇഴജന്തുക്കളെ അടക്കം ഭയന്ന് വേണം ഇതിലെ നടക്കാൻ.

റോഡ് നന്നാക്കിയില്ലെങ്കിൽ പഞ്ചായത്ത് പടിക്കൽ സമരം

റോഡ് നാളുകളായി തകർന്നിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത പഞ്ചായത്ത് അധികാരികളുടെ നടപടി അപലപനീയമാണ്. എത്രയുംവേഗം റോഡ് നിർമ്മിക്കാൻ നടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ പൊതുജനങ്ങളെക്കൂട്ടി പഞ്ചായത്ത് പടിക്കൽ സമരം ആരംഭിക്കും

മാർട്ടിൻ പന്നിക്കോട്ട്, കോൺഗ്രസ് മരങ്ങാട്ടുപിള്ളി മണ്ഡലം പ്രസിഡന്റ്


ഫോട്ടോ അടിക്കുറിപ്പ്
1. പൊട്ടിപ്പൊളിഞ്ഞ മരങ്ങാട്ടുപിള്ളി വില്ലേജ് ഓഫീസ് വെള്ളാക്കാവ് ആണ്ടൂർ റോഡ്
2. മാർട്ടിൻ പന്നിക്കോട്ട്, കോൺഗ്രസ് മരങ്ങാട്ടുപിള്ളി മണ്ഡലം പ്രസിഡന്റ്‌