s

പാലാ: നഗരത്തിലെ നാല് വെയ്റ്റിംഗ് ഷെഡ്ഡുകളുടേയും അറ്റകുറ്റപ്പണി ഉടൻ നടത്തുമെന്ന് പാലാ നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തൻ കൗൺസിൽയോഗത്തിൽ പറഞ്ഞു. ഇതിനായി ഈ വർഷത്തെ പദ്ധതിയിൽ രണ്ട് ലക്ഷം രൂപാ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നഗരത്തിലെ അഞ്ച് വെയ്റ്റിംഗ് ഷെഡ്ഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് ''ഊരുറപ്പിച്ച് ഇവിടെ എങ്ങനെ നിൽക്കും'' എന്ന തലക്കെട്ടിൽ ''കേരള കൗമുദി'' ബുധനാഴ്‌ച വാർത്ത നൽകിയിരുന്നു.

ഇന്നലെ കൗൺസിൽയോഗം തുടങ്ങിയ ഉടൻകേരള കൗമുദി പത്രം ഉയർത്തിക്കാട്ടി പ്രതിപക്ഷനേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയാണ് ഈ വിഷയം കൗൺസിലിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.കേവലം രണ്ട് ലക്ഷം രൂപാകൊണ്ട് എങ്ങനെ തകരാറിലായ മുഴുവൻ വെയ്റ്റിംഗ് ഷെഡ്ഡുകളും നന്നാക്കുമെന്ന് പ്രൊഫ. സതീശ് ചൊള്ളാനിചോദിച്ചു. അത്യാവശ്യം നന്നാക്കേണ്ടവ മുൻഗണനാക്രമത്തിൽ നന്നാക്കുമെന്നും ബാക്കിയുള്ളവയുടെ അറ്റകുറ്റപ്പണികൾക്കായി മറ്റ് ഫണ്ടുകൾ തേടുമെന്നും ചെയർമാൻ കൗൺസിലിനെ അറിയിച്ചു. ടൗണിലെത്തുന്ന നൂറുകണക്കിന് യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ നഗരസഭയ്ക്ക് ബാധ്യതയുണ്ടെന്നും നിലവിലെ വെയ്റ്റിംഗ് ഷെഡ്ഡുകൾ അപകടാവസ്ഥയിലായത് ഗൗരവപരമായി കാണണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. തുടർന്ന് അറ്റകുറ്റപ്പണികൾ അടിയന്തിരമായി നടത്തേണ്ട ഓരോ വെയ്‌റ്റിംഗ് ഷെഡ്ഡുകളുടെയും പേരെടുത്തുപറഞ്ഞുകൊണ്ടാണ് ഷാജു വി. തുരുത്തൻ പരിഹാര നിർദ്ദേശങ്ങൾ കൗൺസിൽ മുമ്പാകെ വച്ചത്.

ഫോട്ടോ അടിക്കുറിപ്പ്
ഇന്നലെചേർന്ന കൗൺസിൽയോഗത്തിൽ പാലാ നഗരത്തിലെ വെയ്റ്റിംഗ് ഷെഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി വാർത്ത പ്രസിദ്ധീകരിച്ച കേരള കൗമുദി പത്രം ഉയർത്തിക്കാട്ടി പ്രതിപക്ഷനേതാവ് പ്രൊഫ. സതീശ് ചൊള്ളാനി വിഷയം അവതരിപ്പിക്കുന്നു.