കോട്ടയം: ഓണ വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകർക്ക് തിരിച്ചടിയായി വിലയിടിവ്. നാടൻ ഏത്ത വാഴ, പച്ചക്കറി തുടങ്ങിയവ കൃഷി ചെയ്ത കർഷകരാണ് പ്രതിസന്ധിയിലായത്. റെക്കാഡ് വില ഉയർന്ന ചേമ്പിന്റെയും ചേനയുടേയും വില 100 രൂപയിൽ നിന്നും 45ലേയ്ക്ക് താഴ്ന്നു.
പ്രതീക്ഷയറ്റ് ഏത്തവാഴ കർഷകർ
കിലോയ്ക്ക് 80 രൂപ ഉണ്ടായിരുന്ന ഏത്തക്കായുടെ വില 50 രൂപയായി കുറഞ്ഞു. തമിഴ്‌നാട്ടിൽ നിന്ന് വ്യാപകമായി ഏത്തക്കുലകൾ എത്തിത്തുടങ്ങിയതാണ് വിലയിടിവിന് കാരണം. ഓണം മുന്നിൽക്കണ്ട് കേരളത്തിലേതിന് സമാനമായി തമിഴ്‌നാട്ടിൽ സർക്കാർ സഹായത്തോടെ വൻതോതിൽ ഏത്തവാഴ കൃഷിയിറക്കിയത്. 40 രൂപയ്ക്കാണ് മൊത്തക്കച്ചവടക്കാർക്ക് വാഴക്കുല നൽകിയത്. ഇതേതുടർന്ന് നാടൻ കുലകളുടെ വില കുത്തനേ കുറഞ്ഞു. ഓണത്തിന് ഒരു മുറം പച്ചക്കറി തുടങ്ങിയ പദ്ധതികളിലൂടെ ഓണം വിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത നാട്ടിലെ കർഷകർക്കാണ് വലിയ തിരിച്ചടിയായത്. ഈ ഓണത്തിന് 70 രൂ പയ്ക്കെങ്കിലും കൃഷി വകുപ്പ് നാടൻ കുലകൾ സംഭരിക്കണമെന്ന് കർഷകരുടെ ആവശ്യം.
സംഭരണം നിലച്ചു
ഹോർട്ടി കോർപ്പടക്കമുള്ള സർക്കാർ സംവിധാനങ്ങൾ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംഭരണം നിർത്തിവച്ചിരിക്കുകാണ്. പ്രാദേശികമായി പ്രവർത്തിക്കുന്ന കാർഷിക വിപണന കേ ന്ദ്രങ്ങളിൽ മാത്രമാണ് സംഭരിക്കുന്നത്. മണർകാട് സംഭരണ ഹബ് എന്ന പേരിൽ ആരംഭിച്ച കേന്ദ്രം പേരിലൊതുങ്ങി. കുറഞ്ഞ നിരക്കിൽ വരവ് ഉത്പന്നങ്ങൾ ലഭിക്കുന്നതിനാൽ മൊത്തക്കച്ചവടക്കാർക്ക് നാടൻ ഉത്പന്നങ്ങളോട് താൽപര്യമില്ലാത്തതും തിരിച്ചടിയാകുന്നു. ഈ നിലയാണെങ്കിൽ ഓണം ആകുമ്പോഴേക്കും വില അനിയന്ത്രിതമായി ഇടിയും.
ഫെസ്റ്റിവൽ സീസൺ സമയത്ത് അനധികൃത വിലക്കയറ്റം സൃഷ്ടിക്കുന്നതിനാണ് നിലവിലെ വിലയിടിവ്. കർഷകരുടെ ഉത്പന്നങ്ങൾ സംഭരിയ്ക്കുന്നതിനും കൃത്യമായ വില ലഭിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണം. കൃഷി മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
എബി ഐപ്പ്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി