kk

കോട്ടയം: ദേശീയ പാതയെന്ന പേരും പേറി പഞ്ചായത്ത് റോഡിന്റെ നിലവാരത്തിലായിരുന്ന കെ.കെ റോഡും മുഖം മിനിക്കുകയാണ്. മുണ്ടക്കയം മുതൽ കുമളിവരെയുള്ള റോഡ് നവീകരണത്തിന് ദേശീയപാത അതോറിട്ടി അംഗീകാരം നൽകി.

കെ.കെ. റോഡ് (കോട്ടയം-കുമളി) ദേശീയപാത 183ന്റെ (കൊല്ലം-തേനി) ഭാഗമായതിനാൽ ദേശീയപാത അതോറിട്ടിയാണ് നവീകരിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി കെ.കെ. റോഡ് പൂർണമായി വികസിപ്പിക്കാനാണ് തീരുമാനം. 2004ലാണ് കെ.കെ റോഡിനെ ദേശീയപാതയായി ഉയർത്തിയത്. എന്നാൽ വളവും വീതികുറവും മൂലം അസൗകര്യങ്ങളുടെ നടുവിലായിരുന്നു. റോഡ് നവീകരണത്തോടെ തുടർച്ചയായുള്ള അപകടങ്ങൾക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

 വീതി കൂടും വളവ് നിവരും
ജംഗ്ഷനുകളുടെ നവീകരണം, വളവ് നിവർത്തൽ, ബസ് ബേ നിർമാണം, ആധുനിക ട്രാഫിക്ക് മാർക്കിംഗുകൾ, ടേക്ക് എ ബ്രേക്ക് സംവിധാനം, പാർക്കിംഗ് സൗകര്യങ്ങൾ, സൗന്ദര്യവത്കരണം, മീഡിയനുകൾ എന്നിവയടങ്ങുന്ന ബൃഹത്തായ നവീകരണ പദ്ധതിയാണ് ഒരുങ്ങുന്നത്.16 മീറ്റർ വീതിയിലാണ് റോഡ് നവീകരിക്കുക. ജംഗ്ഷനുകളുടെ നവീകരണവും പദ്ധതിയിലുണ്ട്.

കഴിഞ്ഞ ദിവസം മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ പദ്ധതി രേഖ വേഗത്തിൽ തയാറാക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽ സമ്മർദം ചെലുത്താൻ തീരുമാനിച്ചിരുന്നു. പദ്ധതിക്കുള്ള അംഗീകാരം നേടിയെടുക്കുന്നതിന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വകുപ്പ് സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി.
കണമല-എരുമേലി റോഡിലേയും പെർഫോമെൻസ് ബേസ്ഡ് മെയിന്റ്നൻസ് കോൺട്രാക്ട് പ്രവൃത്തിയുടെ വിശദാംശങ്ങൾ മന്ത്രി പരിശോധിച്ചു. ശബരിമല തീർത്ഥാടനം ആരംഭിക്കും മുമ്പ് റോഡ് പൂർണ ഗതാഗത യോഗ്യമാക്കാനും നിർദ്ദേശമുണ്ട്

നവീകരിക്കുന്നത് 55.15 കിലോമീറ്റർ

അസൗകര്യങ്ങളുടെ നടുവിൽ നിന്ന് കെ.കെ.റോഡിന് ശാപമോക്ഷം കിട്ടന്നത് സന്തോഷകരമാണ്. വളവുകൾ നിവരുന്നതോടെ അപകടങ്ങൾ കുറയും.

രാജേഷ് കൈമൾ, പൊതുപ്രവർത്തകൻ