കോട്ടയം: ഒന്നും രണ്ടുമല്ല... ഞങ്ങൾക്ക് ബാധ്യത ലക്ഷങ്ങളാണ്. ഇതിന് ആര് സമാധാനം പറയും!. നെഹ്റു ട്രോഫി വള്ളംകളി നടക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ അധികാരികൾ കൈമലർത്തുമ്പോൾ ബോട്ട് ക്ലബ് ഭാരവാഹികൾ രണ്ടുംകൽപ്പിച്ചാണ്. രണ്ടാഴ്ചയിലേറെ പരിശീലനതുഴച്ചിൽ നടത്തി കടബാദ്ധ്യതയിലായ ക്ലബുകൾ നഷ്ടപരിഹാരത്തിനായി നിയമനടപടിക്ക് ഒരുങ്ങുകയാണ്. സെപ്തംബർ ഒന്നിന് നടക്കുന്ന ബോട്ട് ക്ലബ് അസോസിയേഷൻ യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. വയനാട് ദുരന്ത പശ്ചാത്തലത്തിൽ മാറ്റിയ നെഹ്റുട്രോഫി ഓണക്കാലത്ത് നടക്കുമെന്ന പ്രതീക്ഷയിൽ പ്രമുഖ ബോട്ട് ക്ലബുകൾ ടീം പിരിച്ചുവിട്ടിരുന്നില്ല. ഭക്ഷണ, താമസ ചെലവുകൾ നൽകി അന്യസംസ്ഥാന തുഴച്ചിൽകാരെയും പിടിച്ചുനിറുത്തിയിരിക്കുകയാണ്. ലക്ഷങ്ങളുടെ ബാദ്ധ്യതയാണ് ഇതുമൂലം ടീമുകൾക്കുണ്ടായത്.
ഗ്രാന്റ് അനുവദിക്കണം
നെഹ്റുട്രോഫി വള്ളംകളിക്ക് സംസ്ഥാന സർക്കാരിന്റെ ഒരു കോടി രൂപ ഗ്രാന്റ് ഈ വർഷമില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നേതൃത്വം നൽകുന്ന ബേപ്പൂർ വള്ളംകളിക്ക് രണ്ട് കോടി രൂപ ഗ്രാന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ക്ലബുകൾ കോടതിയെ സമീപിക്കുന്നത്.
ഇതുവരെ ചെലവ് : 50- 70 ലക്ഷം വരെ
കുമരകം ടൗൺ ബോട്ട് ക്ലബ് നടുഭാഗം ചുണ്ടനിൽ രണ്ടാഴ്ചത്തെ പരിശീലന തുഴച്ചിലും ഒരു മാസം ഫിസിക്കൽ ട്രയിനിംഗും നടത്തിയതിന് 50 ലക്ഷം ചെലവായി. പള്ളാത്തുരുത്തി ബോട്ട് ക്ലബിന് 70 ലക്ഷത്തോളം രൂപ ചെലവായി.
ബോട്ട് ക്ലബുകൾ വലിയ പ്രതിസന്ധിയെ നേരിടുകയാണ്. നെഹ്റു ട്രോഫിയുടെ കാര്യത്തിൽ അനുകൂലമായ തീരുമാനം ഔദ്യോഗിക തലത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
കെ.മിഥുൻ (കുമരകം ടൗൺ ബോട്ട് ക്ലബ്)