കോട്ടയം: മണിപ്പുഴ റെയിൽവേ മേൽപ്പാലം റോഡിലെത്തിയാൽ പെട്ടതു തന്നെ. വഴിനീളെ കുഴികളും വെള്ളക്കെട്ടും. നടുവൊടിയും ഈ റോഡിലൂടെയുള്ള യാത്രയിൽ. ഇവിടെ മാത്രമല്ല, മണിപ്പുഴ മുതൽ പാക്കിൽ റെയിൽവേ മേൽപ്പാലം വരെയുള്ള റോഡിലും അനുഭവിക്കേണ്ടി വരിക ദുരിത യാത്ര. ദിനംപ്രതി നൂറ് കണക്കിന് ചെറുവാഹനങ്ങളും സ്വകാര്യ ബസുകളും കടന്നുപോകുന്ന റോഡാണിത്. പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗം മുതൽ ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ടിരിക്കുന്നു. വർഷങ്ങൾക്ക് മുൻപ് ടാർ ചെയ്ത റോഡിൽ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താത്തതാണ് തകർച്ചയ്ക്ക് കാരണം. ഒറ്റമഴയിൽ പലയിടത്തും വെള്ളക്കെട്ടും രൂപപ്പെടും. പലഭാഗങ്ങളിലും ടാറിംഗ് ഇളകി മെറ്റലും മണ്ണും നിരന്നു കിടക്കുന്ന നിലയിലാണ്. സ്‌കൂൾ, ആരാധനാലയങ്ങൾ, ഫാക്ടറികൾ എന്നിവയും സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ, നഗരത്തിലെ പ്രധാന ഇൻഡസ്ട്രിയൽ ഏരിയ കൂടിയായ പൂവൻതുരുത്തിലേക്കുള്ള റോഡ് കൂടിയാണിത്. എം.സി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി പാക്കിൽ, ചിങ്ങവനം, ചങ്ങനാശേരി എന്നിവിടങ്ങളിലേയ്ക്കും നാട്ടകം ഗസ്റ്റ് ഹൗസ്, കഞ്ഞിക്കുഴി, പുതുപ്പള്ളി, കളക്ട്രേറ്റ് എന്നിവിടങ്ങളിലേക്കും എളുപ്പത്തിൽ പോകുന്നതിനായി നിരവധി പേരാണ് ഈ റോഡ് ഉപയോഗിക്കുന്നത്. പ്രധാന റോഡുകൾ നന്നാക്കുമ്പോഴും പ്രധാന റോഡിന് സമാനമായ സമാന്തര പാതകൾ പലപ്പോഴും അവഗണനയുടെ വക്കിലാണ്.

അപകടങ്ങൾ പതിവ്
ഇരുചക്രവാഹനങ്ങൾ കുഴിയിൽ ചാടി അപകടത്തിൽപ്പെടുന്നതും പതിവാണ്. രാത്രി കാലങ്ങളിൽ കുഴികൾ അറിയാതെ എത്തുന്നവരും അപകടത്തിൽപ്പെടുന്നു. മേൽപ്പാലത്തിൽ ഉൾപ്പെടെ വഴിവിളക്കുകൾ തെളിയാത്തതും അപകടത്തിന്റെ ആക്കം കൂട്ടുന്നു. കുഴികളിൽ ചാടി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിയ്ക്കുന്നതും ഇവിടെ പതിവാണ്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.


റോഡിലെ കുഴികൾ നികത്തി, അറ്റകുറ്റപ്പണികളും പൂർത്തിയാക്കി റീടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തം. (നാട്ടുകാർ)