കുമരകം: ഭീതിയോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. കരീമഠം നിവാസികളെ സംബന്ധിച്ച് കാലങ്ങളായി ഇതാണ് അവസ്ഥ. ഏതുനിമിഷവും കാതുകളിലേക്ക് ഒരപകടവാർത്ത യെത്താം. അത് പലവട്ടം സംഭവിച്ചു . ഇന്നലെയും അത് ആവർത്തിച്ചു. കരീമഠം പാലത്തിൽ വീണ്ടും അപകടം. മൂന്നാം തവണയും തോട്ടിൽ വീണത് വിദ്യാർത്ഥി. ഭാഗ്യം , ആ കുഞ്ഞിനെ ദൈവം കാത്തു. അഞ്ച് വയസുകാരൻ ദേവ തീർത്ഥ ് ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോൾ ഒരു നാടിനാകെ ആശ്വാസം. കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം മേൽശാന്തി മോനേഷ് ശാന്തിയുടെയും സൽമയുടെയും മകനാണ് ദേവ തീർത്ഥ്. മാതാവിനൊപ്പം സമീപത്തെ കരീമഠം സ്കൂളിലേക്ക് പോകുമ്പോഴാണ് അപകടം. ഒപ്പമുണ്ടായിരുന്ന സൽമ പിന്നാലെ തോട്ടിലേയ്ക്ക് ചാടി കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. കുട്ടിക്ക് പരിക്കുകളില്ല. സമീപവാസിയും കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ ബിനു എത്തിയാണ് ഇരുവരെയും കരയിലെത്തിച്ചത്.
നല്ലൊരു വഴിയില്ല...
ഇപ്പോഴും കരീമഠം പ്രദേശത്ത് നല്ലൊരു വഴിയൊ പാലമോയില്ല. കരീമഠം സ്കൂളിലെത്തുന്നതിനുള്ള എളുപ്പ മാർഗ്ഗമെന്ന നിലയിൽ ഉപയോഗിച്ചിരുന്ന പഴയ തടിപ്പാലം സമീപകാലത്താണ് ഇരുമ്പ് ഗർഡറുകളും ഷീറ്റും ഉപയോഗിച്ച് നവീകരിച്ചത്. എന്നാൽ പാലത്തിലേക്ക് ഒരു സ്കൂട്ടർ പോലും കയറില്ല. യാത്രക്കാർ തെന്നിവീഴാൻ സാധ്യത ഏറെയാണ്. ഇന്നലെയും ഇതാണ് സംഭവിച്ചത്. കരീമഠത്തെ യാത്രാദുരിതം പരിഹരിക്കാൻ എം.എൽ.എ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.