ppp

മീനച്ചിൽ: മഴക്കുഴിയും കയ്യാലയും മാത്രമല്ല ഉദ്യാനവുമൊരുക്കും മീനച്ചിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ. ഏഴാം വാർഡിലെ ചെണ്ടുമല്ലി തോട്ടത്തിൽ പൂക്കൾ നിറയുമ്പോൾ അതിന് പിന്നിൽ ഇരുപത്തഞ്ചിൽപരം തൊഴിലുറപ്പ് തൊഴിലാളികളുടെ കഠിനാധ്വാനത്തിന്റെ കഥയുണ്ട്.

പൈക റോസ് ഗാർഡന് സമീപത്തെ ഇരുപത് സെന്റ് സ്ഥലത്താണ് വനിതകൾ തീർത്ത പൂന്തോട്ടം. ജില്ലയിൽ തൊഴിലുറപ്പ് തൊഴിലാളികൾ നേരിട്ട് കൃഷി ചെയ്ത് ആരംഭിച്ച ആദ്യ പൂന്തോട്ടവും. മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനിയുടേയും മെമ്പർ സോജൻ തോടുകയുടെയും മനസിൽ ഉദിച്ച ആശയത്തിന് തൊഴിലുറപ്പ് തൊഴിലാളികൾ പൂക്കളുടെ പുഞ്ചിരി വിടർത്തുകയായിരുന്നു.

കൃഷിഭവനും മീനച്ചിൽ പഞ്ചായത്തുമായി സഹകരിച്ചായിരുന്നു പൂകൃഷി. 1250 ചുവട് ചെണ്ടുമല്ലികൾ ജൂണിലാണ് നട്ടത്. ഒരാഴ്ച മുമ്പ് പൂക്കൾ വിടർന്നു തുടങ്ങി. 65 കലോ പൂക്കൾ തൊഴിലാളികൾ വിറ്റുകഴിഞ്ഞു.

രമ്യ സൈജു, സാലമ്മ മാത്യു, ലീല ബാബു, മേഴ്‌സി ജെയിംസ് എന്നിവരുടെ നേതൃത്വത്തിലാണ് പൂന്തോട്ട പ്രവർത്തനം. തൊഴിലുറപ്പ് വിഭാഗം ജീവനക്കാരായ അനിതയും സെബിനും തൊഴിലാളികളോടൊപ്പം സദാസമയം ഉണ്ടായിരുന്നു. വിപണി വിലയേക്കാൾ വളരെ വില കുറച്ചാണ് ഇവർ പൂക്കൾ വിൽക്കുന്നത്.


ഫോട്ടോഷൂട്ടിന് ഇവിടേയ്ക്ക് വരാം

റീൽസിനും ഫോട്ടോഷൂട്ടിനും സേവ് ദ ഡേറ്റ് ചിത്രീകരണത്തിനുമൊക്കെ തങ്ങളുടെ പുന്തോട്ടം വിട്ടുകൊടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾ തയ്യാറാണ്. ഫോട്ടോ ഷൂട്ടിന് ആഗ്രഹിക്കുന്നവർ 9497389127, 9656423987 ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.