വൈക്കം: കായലോര ബീച്ച് വിനോദ സഞ്ചാര വകുപ്പിന് വിട്ടുനൽകേണ്ടതില്ലെന്ന് വൈക്കം നഗരസഭ. കാലങ്ങളായി കാത്തു സൂക്ഷിച്ച ബീച്ച് കൈവിട്ടിട്ട് വിനോദസഞ്ചാരം വികസിപ്പിക്കേണ്ടെന്ന് കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്.
ബീച്ചിൽ സ്‌പോർട്‌സ് ആൻഡ് കൾച്ചറൽ ടൂറിസം പദ്ധതി നടപ്പാക്കാനായി 2021-22 ലെ സംസ്ഥാന ബജറ്റിൽ 9 കോടി രൂപ വകയിരുത്തിയിരുന്നു. സി.കെ.ആശ എം.എൽ.എയുടെ ആവശ്യപ്രകാരമാണ് തുക അനുവദിച്ചത്. എന്നാൽ പദ്ധതി നടപ്പാക്കുന്നതിന് ബീച്ചിന്റെ ഉടമസ്ഥാവകാശം വിനോദ സഞ്ചാര വകുപ്പിന് വിട്ടുകൊടുക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നതാണ് നഗരസഭ കൗൺസിലിന്റെ തീരുമാനം.
1988ൽ അന്ന് റവന്യൂ മന്ത്റിയായിരുന്ന പി.എസ്.ശ്രീനിവാസന്റെ താത്പര്യപ്രകാരമാണ് 6 ഏക്കർ 80 സെന്റ് കായൽ സ്ഥലം നഗരസഭയ്ക്ക് പതിച്ചു നൽകിയത്. ഇതിൽ 50 സെന്റ് സ്ഥലം പിന്നീട് മോട്ടലിനായി കെ.ടി.ഡി.സിക്ക് വിട്ടുകൊടുത്തു. അഡ്വ.പി.കെ.ഹരികുമാർ ചെയർമാനായപ്പോഴാണ് ദേശീയ ജലപാതയ്ക്ക് വേണ്ടി കായലിൽ നിന്നെടുത്തുമാറ്റിയ മണ്ണുപയോഗിച്ച് നികത്തി ബീച്ചാക്കിയത്. അവിടേക്ക് റോഡും നിർമ്മിച്ചു. പിന്നീട് എൻ.അനിൽ ബിശ്വാസ് ചെയർമാനായപ്പോൾ കാടുകയറി കിടന്നിരുന്ന ബീച്ച് നവീകരിച്ച് സന്ദർശകർക്കായി നടപ്പാതയും ചാരുബെഞ്ചുകളും സൗരോർജ്ജ വിളക്കുകളും എഫ്.എം റേഡിയോയുമെല്ലാം സ്ഥാപിച്ച് 2017 മേയ് 30നാണ് നാടിന് സമർപ്പിച്ചത്.
ബജറ്റിൽ തുക വകയിരുത്തുകയും ബീച്ച് ചർച്ചയാവുകയും ചെയ്തതോടെ ബീച്ച് തിരികെ ഏറ്റെടുക്കാൻ റവന്യൂ വകുപ്പ് സമീപകാലത്ത് ശ്രമം നടത്തിയിരുന്നു. സ്ഥലം പോക്കുവരവ് ചെയ്തിരുന്നില്ല എന്നതാണ് കാരണമായി ചൂണ്ടിക്കാണിച്ചത്. നിലവിലെ നഗരസഭ ഭരണ സമിതി ഹൈക്കോടതിയെ സമീപിക്കുച്ചതോടെ സ്ഥലം പോക്കുവരവ് ചെയ്ത് നൽകാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകി ഉത്തരവിട്ടു. ഒപ്പം റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐയുടെ വൈക്കത്തെ ഘടകവും ബീച്ച് തിരികെ ഏറ്റെടുക്കാനുള്ള റവന്യൂ വകുപ്പിന്റെ നീക്കത്തിനെതിരെ നിലപാടെടുക്കുകയും റവന്യൂ മന്ത്റിയെ നേരിൽ കണ്ട് വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബീച്ച് ഏറ്റെടുക്കാനുള്ള ശ്രമത്തിൽ നിന്ന് റവന്യൂ വകുപ്പ് പിന്മാറി.
2023 ഫെബ്രുവരിയിൽ സി.കെ. ആശ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ സ്‌പോർട്‌സ് ആൻഡ് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് വിനോദസഞ്ചാര വകുപ്പ് ഡയറക്ടറുടെ ചേംബറിൽ യോഗം ചേർന്നു. ഇതിന്റെ മിനിറ്റ്സ് നഗരസഭയ്ക്ക് നൽകി. മരാമത്ത് കമ്മിറ്റി വിഷയം കൗൺസിലിൽ ചർച്ചയ്ക്കായി ശുപാർശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൗൺസിൽ അന്തിമമായി വിഷയം ചർച്ചയ്‌ക്കെടുത്തത്.
സർക്കാർ നിബന്ധനകളനുസരിച്ച് സ്റ്റേഡിയവും കളിസ്ഥലവും മാത്രമാണ് ഇവിടെ നിർമ്മിക്കാൻ കഴിയുക.
സർക്കാർ അനുവദിച്ച പദ്ധതി പ്രകാരം ബീച്ചിന്റെ ഉടമസ്ഥാവകാശം നഗരസഭയ്ക്ക് നഷ്ടമാകില്ലെന്ന് എം.എൽ.എ നേരത്തേ തന്നെ ചെയർ പേഴ്‌സൺ അടക്കമുള്ളവരെ ധരിപ്പിച്ചിട്ടുള്ളതാണ്. ബജറ്റിൽ വകയിരുത്തിയ 9 കോടി രൂപ നഷ്ടമാകാതെ പദ്ധതി നടപ്പിലാക്കണം. അതിന്റെ നടത്തിപ്പും വരുമാനവും ഒപ്പം മെയിന്റനൻസിന്റെ ചുമതലയും നഗരസഭയ്ക്കായിരിക്കണം. അതിനായി രാഷ്ട്രീയ നിലപാടുകൾ മാറ്റി വെച്ച് നഗരസഭ അധികൃതർ ഈ വിഷയത്തിൽ എം.എൽ.എയോടൊപ്പം നിൽക്കുകയാണ് വേണ്ടത്.
അശോകൻ വെള്ളവേലിൽ
കൗൺസിലർ