മുണ്ടക്കയം: റോഡ് തകർന്നത് ഒരുവഴിക്ക്, മഴ പെയ്താൽ കുഴികളിലുണ്ടാകുന്ന വെള്ളക്കെട്ട് മറുവഴിക്ക്. ഇങ്ങനെ ദുരിതങ്ങുടെ നടുവിലാണ് കരിനിലം പശ്ചിമ കുഴിമാവ് റോഡ്. നാളുകളായി തകർന്നു കിടക്കുകയാണ് റോഡ്.
റോഡിന്റെ പല ഭാഗങ്ങളിലും ടാറിംഗ് ഇളകി മാറി വലിയ കുഴികൾ രൂപപ്പെട്ടു. വാഹന യാത്ര ദുഷ്കരമായ റോഡിലൂടെ ഇപ്പോൾ കാൽനടയാത്ര പോലും പ്രയാസകരമാണ്. ഇതോടെ മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവർ കടുത്ത ദുരിതത്തിലായി. റോഡ് പൂർണമായും തകർന്ന് വലിയ കുഴി രൂപപ്പെട്ടതോടെ ടാക്സി വാഹനങ്ങൾ അടക്കമുള്ളവ മേഖലയിലേക്ക് സർവീസ് നടത്താൻ മടിക്കുകയാണ്. പ്ലാക്കപ്പടി, പശ്ചിമ മേഖലയിലേക്കുള്ള വാഹനങ്ങൾ പുഞ്ചവയൽ വഴി കിലോമീറ്ററോളം അധികം സഞ്ചരിച്ചു വേണം വീടുകളിൽ എത്താൻ. റോഡ് സഞ്ചാരയോഗ്യമാക്കും വരെ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടത്തുവാനാണ് തീരുമാനം.
വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് സംരക്ഷണം സമിതിയുടെ നേതൃത്വത്തിൽ നിരവധി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചെങ്കിലും അധികാരികൾ ഇങ്ങോട്ട് തിരിഞ്ഞു പോലും നോക്കുന്നില്ല എന്നാണ് ഇവിടുത്തെകാരുടെ പരാതി.