ss

കോട്ടയം: ഗുജറാത്തിലെ സൂറത്തിൽ താമസിച്ചിരുന്ന ഹോട്ടലിലെ ലിഫ്‌റ്റിന്റെ പ്ളാറ്റ്ഫോം തകർന്ന് കുടമാളൂർ വാതക്കോടത്ത് പരേതനായ എം.ആർ.രാമചന്ദ്രൻ നായരുടെ മകൻ രഞ്ജിത് ബാബുവിന് (45) ദാരുണാന്ത്യം. കഴിഞ്ഞദിവസം വൈകിട്ട് സൂറത്തിലെ ടെക്‌സ് പ്ലാസോ ഹോട്ടലിലായിരുന്നു അപകടം. ബിസിനസ് ആവശ്യത്തിന് ഭാര്യയ്‌ക്കൊപ്പം എത്തിയതായിരുന്നു രഞ്ജിത്.

പുറത്തേയ്ക്കു പോകാൻ ആറാം നിലയിൽ നിന്നാണ് ലിഫ്റ്റിൽ കയറിയത്. പഴയ മാതൃകയിലുള്ള ലിഫ്റ്റിലേയ്ക്ക് കയറിയ ശേഷം ഗ്രിൽ അടയ്ക്കുന്നതിനിടെ പ്ളാറ്റ് ഫോം തകർന്ന് താഴേക്ക് വീഴുകയായിരുന്നു. ദുബായിൽ ഡയമണ്ട് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന രഞ്ജിത് കഴിഞ്ഞ ഞായറാഴ്ച തിരുവല്ലയിലെ ഭാര്യയുടെ വീട്ടിലും തിങ്കളാഴ്ച കുടമാളൂരിലെ വീട്ടിലും എത്തിയിരുന്നു. മാതാവ്: തങ്കമണി. ഭാര്യ: സിതാര ലക്ഷ്മി. മക്കൾ: അവനി, അയാന.