കോരുത്തോട്: ജനകീയ സമിതി ഉണർന്നു പ്രവർത്തിച്ചതോടെ അഴുതയാറിന് കുറുകെ യാഥാർത്ഥ്യമായ തോപ്പിൽകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി. 2018ലെ പ്രളയത്തിലാണ് ഇവിടെയുണ്ടായിരുന്ന കോൺക്രീറ്റ് പാലം തകർന്നത്. പുതിയ പാലം നിർമ്മിക്കാൻ അധികൃതർ നടപടി സ്വീകരിക്കാതെ വന്നതോടെ നാട്ടുകാർ ജനകീയ സമിതിയുണ്ടാക്കി പാലം നിർമ്മിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ തനി നാടൻ രീതിയിലായിരുന്നു ഉദ്ഘാടനവും നടന്നത്. ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഒഴിവാക്കി ജനകീയമായി നടന്ന ഉദ്ഘാടനം എം.ജി സർവകലാശാല എം.എസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വൃന്ദ സാബു ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കെ.ബി.രാജൻ അധ്യക്ഷത വഹിച്ചു. ഫാ.സക്കറിയ ഇല്ലിക്കമുറിയിൽ അനുഗ്രഹ പ്രഭാഷണവും, ഇ.ഡി.സി. ചെയർമാൻ എം.കെ.ഷാജി മുഖ്യ പ്രഭാഷണവും നടത്തി. പാലത്തിന്റെ നിർമ്മാണ നാൾ വഴികളിൽ സേവനം നൽകിയവരെ യോഗത്തിൽ ആദരിച്ചു. കൺവീനർ സി.എസ് രാജൻ, സെക്രട്ടറി ലാലി സുകുമാരൻ, പി പി പ്രമോദ്, ജോജോ പാമ്പാടത്ത്, റോണി എബ്രഹാം, ടി സി മോഹൻദാസ്, കെ.ഡി വിജയാനന്ദൻ, എം.പി സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിലെ എട്ടാം വാർഡ് മൂഴിക്കൽ പ്രദേശത്തെ കോട്ടയം ജില്ലയിലെ കോരുത്തോട് പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം കൂടിയാണ് തോപ്പിൽ കടവ് പാലം.