രാമപുരം: രാമപുരം സെക്ഷൻ ഒാഫീസ് പരിധിയിലെ വൈദ്യുതി തടസം പരിഹരിക്കാൻ ക്രിയാത്മക നടപടികളുമായി കെ.എസ്.ഇ.ബി. ഇതുമായി ബന്ധപ്പെട്ട് പാലാ എക്സിക്യൂട്ടീവ് എൻജിനീയർ യു. ഉണ്ണിക്കൃഷ്ണൻ ആദ്യയോഗം വിളിച്ചു. ഇന്ന് രാവിലെ 10.30ന് രാമപുരം പഞ്ചായത്ത് ഹാളിലാണ് യോഗം. ജനപ്രതിനിധികളും പൊതുപ്രവർത്തകരും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പങ്കെടുക്കും. പാലാ ഡിവിഷനു കീഴിൽ വരുന്ന രാമപുരം സെക്ഷനിലാണ് ഏറ്റവുമധികം വൈദ്യുതി തടസം പരാതിയായി ഉയരുന്നത്.
പരാതിയേറിയതോടെ അടുത്തിടെ കെ.എസ്.ഇ.ബി. ചീഫ് എൻജിനീയർ ലീലാമയി നേരിട്ട് പാലായിലും രാമപുരത്തുമെത്തി അന്വേഷണം നടത്തിയിരുന്നു. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും വിവിധ ഉപയോക്താക്കളുമായും ചീഫ് എൻജിനീയർ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണിപ്പോൾ കെ.എസ്.ഇ.ബി. അധികാരികളും ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഒന്നിച്ചിരുന്ന് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നത്.
പാലാ, രാമപുരം മേഖലകളിലെ റബർമരങ്ങൾക്കിടയിലൂടെയുള്ള വൈദ്യുതി ലൈനുകളാണ് നിരന്തരം പ്രശ്‌നം സൃഷ്ടിക്കുന്നതെന്നാണ് കെ.എസ്.ഇ.ബി. അധികൃതരുടെ വാദം. എന്നാൽ ജീവനക്കാരുടെ കുറവും ഉള്ള ജീവനക്കാരിൽ ചിലരുടെ കാര്യക്ഷമതയില്ലാത്ത പ്രവർത്തനവുമാണ് പ്രശ്‌നങ്ങൾ രൂക്ഷമാക്കുന്നതെന്ന് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.
ടച്ചിംഗ് വെട്ടിന് സഹായം വേണം
റബർമരങ്ങൾക്കിടയിലൂടെ വൈദ്യുതി ലൈനുകൾ പോകുന്ന പലഭാഗത്തും ടച്ചിംഗുകൾ ഗുരുതര പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്ന് വിലയിരുത്തിയ കെ.എസ്.ഇ.ബി. അധികാരികൾ ലൈനിൽ ടച്ച് ചെയ്ത് നിൽക്കുന്ന മുഴുവൻ മരക്കമ്പുകളും മുറിച്ചുനീക്കുന്നതിനാണ് ആലോചിക്കുന്നത്. ഇതിനായി മരംവെട്ട് തൊഴിലാളികളെ ഉപയോഗിച്ചുകൊണ്ട് ടച്ചിംഗുകൾ വെട്ടിനീക്കാൻ ധാരണയായിട്ടുണ്ട്. ഇതിനായി കെ.എസ്.ഇ.ബി. പ്രത്യേകം ഫണ്ടും അനുവദിച്ചിട്ടുണ്ട്. എന്നാൽ മരക്കമ്പുകൾ മുറിക്കാൻ ചെല്ലുമ്പോൾ സ്ഥലമുടമകൾ തർക്കം ഉന്നയിക്കുന്നതുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായാണ് ജനപ്രതിനിധികളും പൊതുപ്രവർത്തകരുമായും വിഷയം നേരിട്ട് സംസാരിക്കാൻ കെ.എസ്.ഇ.ബി. അധികൃതർ തയ്യാറാകുന്നത്.
പരാതിയും സ്വീകരിക്കും
വൈദ്യുതി സംബന്ധമായി പൊതുജനങ്ങൾക്കുള്ള പരാതിയും കെ.എസ്.ഇ.ബി. പാലാ എക്‌സി. എൻജിനീയർ യു. ഉണ്ണികൃഷ്ണന് നേരിട്ട് സമർപ്പിക്കാം. യോഗത്തിൽ പക്ഷേ പരാതി പരിഹാരത്തിനല്ല മുൻഗണന. ലഭിക്കുന്ന പരാതികളോരോന്നും സമയക്രമമനുസരിച്ച് പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എക്‌സി. എൻജിനീയർ യു. ഉണ്ണികൃഷ്ണൻ അറിയിച്ചു.