മണർകാട്: മണർകാട് സെന്റ് മേരീസ് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങൾ ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ വിലയിരുത്തി. പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് പൊലീസ് കൺട്രോൾ റൂം ആരംഭിക്കും. തിരക്ക് ക്രമീകരിക്കുന്നതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലായി പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. പ്രത്യേകം പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തും. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും സ്ത്രീ സുരക്ഷയ്ക്കുമായി പ്രത്യേകം വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും മോഷണം, പിടിച്ചുപറി, മറ്റ് സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി പ്രത്യേകം മഫ്തി പൊലീസിനെയും നിയോഗിക്കും. പള്ളിക്ക് അകത്തും പുറത്തുമായി നിരീക്ഷണം നടത്തുന്നതിനായി സി.സി.ടി.വി ക്യാമറകൾ ഉപയോഗപ്പെടുത്തും. പെരുന്നാളിനോട് അനുബന്ധിച്ച് പ്രത്യേക ഗതാഗത ക്രമീകരണങ്ങളും ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ വരുംദിവസങ്ങളിൽ പ്രത്യേക പരിശോധനയും ഉണ്ടാകുമെന്ന് എസ്.പി പറഞ്ഞു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എം.അനിൽകുമാർ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സാജു വർഗീസ്, മണർകാട് എസ്.എച്ച്.ഒ അനിൽ ജോർജ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.