ആകാശപാത വിഷയത്തിൽ മനസ് തുറന്ന് തിരുവഞ്ചൂർ
കോട്ടയം: ഹൈക്കോടതിയിൽ സർക്കാർ പ്രോസിക്യൂട്ടർ യെസ് എന്നൊരു വാക്കു പറഞ്ഞാൽ പാതിയിൽ നിലച്ച ആകാശപാത യാഥാർത്യമാകുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കേരളകൗമുദിയോട് പറഞ്ഞു . 'പൊളിക്കണോ നിലനിറുത്തണോ എന്ന് ഹൈക്കോടതി ചോദിച്ചിട്ടും മറുപടി പറയാതെ പലകാരണങ്ങൾ പറഞ്ഞു അവധി ചോദിച്ചു കേസ് നീട്ടിക്കൊണ്ടുപോവുകയാണ് സർക്കാർ. എങ്ങനെയും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപോയി എനിക്കെതിരെ പ്രചരണായുധമാക്കാനാണ് നീക്കം. ഇതൊന്നും ജനങ്ങൾക്ക് മുന്നിൽ വിലപ്പോകില്ല. മന്ത്രി വി.എൻ വാസവൻ ആകാശപാത യാഥാർത്യമാക്കണമെന്ന അഭിപ്രായക്കാരനായിട്ടാണ് എനിക്ക് തോന്നുന്നത്. എന്ത് വികസനകാര്യത്തിലും ഇടങ്കോലിടുന്ന ഭരണകക്ഷിയിലെ ചില ശകുനികളാണ് പദ്ധതിക്ക് ഇടംകോലിടുന്നത്. ആകാശപാതയുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ മന്ത്രി വീണാ ജോർജിന്റെ അടുത്തബന്ധുവാണ്. ഇവരെ ഉപയോഗിച്ചാണ് കേസ് നീട്ടിക്കൊണ്ടുപോകുന്നത്. കോടികൾ ചെലവഴിച്ച ആകാശപാത പൂർത്തിയാക്കണമെന്ന് ഒരു വാക്ക് പറഞ്ഞാൽ കോടതിപദ്ധതി പൂർത്തിയാക്കാൻ അനുമതി നൽകും. പക്ഷേ സി.പിഎം നേതാക്കൾ ഇടപെട്ട് അവരെക്കൊണ്ട് പറയിക്കില്ല. എതിരാളികൾ പ്രചരിപ്പിക്കുംപോലെ ആകാശപാതയ്ക്ക് ഒരു ബലക്കുറവുമില്ല.
എനിക്ക് പുച്ഛം തോന്നുന്നു!
കോടിമത രണ്ടാം പാലം പണി പൂർത്തീയാക്കാതിരിക്കാൻ നോക്കി നടന്നില്ല. പല തടസങ്ങൾ മറികടന്നു അപ്രോച്ച് റോഡ് പണി ആരംഭിച്ചിട്ടുണ്ട്. പാലം വൈകാതെ തുറക്കും . ഇതിനൊപ്പം ആകാശ പാത കൂടി യാഥാർത്യമായാൽ കോട്ടയത്തിന്റെ മുഖച്ഛായ തന്നെ മാറും .അതിന് സമ്മതിച്ചിട്ടു വേണ്ടേ.?
ആകാശപാതയുടെ നിർമാണോദ്ഘാടന ശിലാഫലകത്തിൽ ഉമ്മൻചാണ്ടിക്കൊപ്പം കെ.എം മാണിയുടെ പേരുമുണ്ട്. എന്നിട്ടും അതിന് മുകളിൽ പടവലങ്ങ വള്ളി കെട്ടാൻ നോക്കുന്ന മകൻ ജോസ് കെ.മാണിയുടെ പാർട്ടി നിലപാട് കാണുമ്പോൾ പുച്ഛം തോന്നുന്നു.