കറുകച്ചാൽ: മധുരമീനാക്ഷി ക്ഷേത്രംപോലെ മനോഹരവും ശില്പഭംഗിയും തലയെടുപ്പും ഒത്തിണങ്ങിയതാണ് കറുകച്ചാൽ ശാന്തിപുരം മാമുണ്ട പരപ്പുകാട് ശ്രീമഹാദേവീക്ഷേത്രം. കേരളത്തിലെ ക്ഷേത്രങ്ങളിൽ ഏറ്റവും ഉയരം കൂടിയ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷത്രം കഴിഞ്ഞാൽ അടുത്തസ്ഥാനം പരപ്പുകാട് ദേവീക്ഷേത്രത്തിനാണ്. 83 അടിയാണ് ക്ഷേത്രത്തിന്റെ ഉയരം. തഞ്ചാവൂരിൽനിന്നത്തിയ വിദഗ്ദ്ധസംഘം 15 വർഷംകൊണ്ടാണ് തഞ്ചാവൂർ മോഡലിൽ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. രണ്ടര ഏക്കറിൽ 10 ശ്രീകോവിലുകളാണുള്ളത്. ദുർഗ്ഗാദേവിയും ശ്രീമഹാദേവനും ഉമാമഹേശ്വരി സങ്കല്പത്തിലുള്ളതാണ് മുഖ്യപ്രതിഷ്ഠ. ഒറ്റക്കല്ലിൽ തീർത്ത പന്ത്രണ്ടേകാൽ അടി ഉയരമുള്ള ശ്രീരാമവിഗ്രഹവും ഏഴേകാൽ അടി ഉയരമുള്ള ഹനുമാൻ വിഗ്രഹവും ഇവിടെയുണ്ട്. ഗണപതി,സരസ്വതീദേവി, മൃത്യുഞ്ജയ രുദ്രൻ, അയ്യപ്പസ്വാമി, സുബ്രഹ്മണ്യൻ, ഗുരു ധന്വന്തരിമൂർത്തി എന്നിവരും ഉപദേവതകളാണ്. എല്ലാ ദിവസവും രാവിലെ 5.30 മുതൽ 10.30 വരെയും വൈകിട്ട് 5.30 മുതൽ 8 വരെയുമാണ് ദർശനസമയം.