കോട്ടയം: ട്രോളിംഗ് നിരോധനം പിൻവലിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും താഴാതെ മത്സ്യവില. മത്സ്യ ലഭ്യതയിൽ കാര്യമായ വർദ്ധനയുണ്ടാകാത്തതാണ് തിരിച്ചടിയായത്. വില ഉയർന്നുനിൽക്കുന്നതിനാൽ വില്പനയിലും ഇടിവുണ്ടായി. ഒന്നോ രണ്ടോ ഇനം മത്സ്യങ്ങൾക്ക് ഒഴികെ മറ്റെല്ലാത്തതിന്റെയും വില ട്രോളിംഗ് നിരോധനകാലയളവിന് സമാനമാണെന്ന് കച്ചവടക്കാർ പറയുന്നു. ഇതിനിടെ നൂറ് രൂപയിൽ നിന്ന് കിളിമീനിന്റെ വില ഇരുനൂറിലേക്കെത്തി. ട്രോളിംഗ് നിരോധനം അവസാനിച്ചതിന് ശേഷം കൂടുതൽ ലഭിച്ചതും കിളിമീനായിരുന്നു.
ചെമ്മീൻ @ 400
ഏതാനും അഴ്ചകൾക്ക് മുമ്പ് ചെമ്മീൻ വില 150ലേക്ക് താഴ്ന്നിരുന്നു. എന്നാൽ കഴിഞ്ഞദിവസങ്ങളിൽ ചെമ്മീൻ വില 400 രൂപയിലേക്കെത്തി.
മത്തി വില പൊള്ളിക്കും
ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് മുമ്പുതന്നെ കുതിച്ചുതുടങ്ങിയ മത്തിവിലയിൽ കാര്യമായ കുറവുണ്ടായിട്ടില്ല. നിരോധനകാലത്ത് 400 രൂപയിലെത്തിയ വില ഇടയ്ക്ക് 230, 280 നിരക്കിലേക്ക് താഴ്‌ന്നെങ്കിലും വീണ്ടും ഉയർന്നു. നിലവിൽ ഒരുകിലോ മത്തിയ്ക്ക് 300 രൂപ നൽകണം. കടൽ താപനില ഉയർന്നു നിൽക്കുന്നതാണ് മത്തി ലഭ്യത കുറയാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. വറ്റ, കാളാഞ്ചി ഉൾപ്പെടെയുള്ള വലിയ മീനുകൾക്കും തീവിലയാണ്.
അയല: 200-220 രൂപ വരെ
തള: 400-450 രൂപ വരെ
കേര വില 400 ന് മുകളിൽ
കാളാഞ്ചിക്കും വറ്റക്കും വില 450 മുതൽ 500 രൂപ വരെയാണ്. കേരയ്ക്ക് പലയിടങ്ങളിലും വില 400 രൂപക്ക് മുകളിലാണ്.