കോട്ടയം: സൂര്യന് ചുറ്റും പ്രഭാവലയം തീർക്കുന്ന കൗതുകകാഴ്ച. പാമ്പാടി, മീനടം, പുതുപ്പള്ളി, കറുകച്ചാൽ ഭാഗങ്ങളിലാണ് പ്രഭാവലയം ദൃശ്യമായത്. ഹാലോ എന്ന് ശാസ്ത്രലോകം പറയുന്ന പ്രതിഭാസമാണ് ഇതെന്നാണ് നിഗമനം. മേഘകണികകളിൽ സൂര്യന്റെയോ ചന്ദ്രന്റെയോ പ്രകാശകിരണങ്ങൾ തട്ടുമ്പോഴാണ് ഹാലോ പ്രതിഭാസമുണ്ടാകുന്നത്. അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ഐസ് പരലുകളുമായി സംവദിക്കുന്ന പ്രകാശം (സാധാരണയായി സൂര്യനിൽ നിന്നോ ചന്ദ്രനിൽ നിന്നോ) കാരണം ഉണ്ടാകുന്ന ഒപ്റ്റിക്കൽ പ്രതിഭാസങ്ങളെ വിശേഷിപ്പിക്കുന്ന വാക്കാണ് ഹാലോ. പ്രഭാവലയം ഹാലോയുടെ സാധാരണ രൂപമാണ്. നിറമുള്ളതോ വെളുത്തതോ ആയ വളയങ്ങൾ മുതൽ ആർക്കുകളും ആകാശത്തിലെ പാടുകളും ഒക്കെയായി ഹാലോസിന് പല രൂപങ്ങളുണ്ടാകും. ഇവയിൽ പലതും സൂര്യനോ ചന്ദ്രനോ സമീപം കാണപ്പെടുന്നു. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ തോത് വർദ്ധിക്കുമ്പോഴും ഈ പ്രതിഭാസം ഉണ്ടാകാറുണ്ട്. ഈ സമയം സൂര്യനും ചന്ദ്രനും ചുറ്റും വലയം ദൃശ്യമാകും.
ഇവിടെ നല്ല മഴ...
സൗരവലയം ദൃശ്യമായ ഈ സ്ഥലങ്ങളിൽ ഇന്നലെ നല്ല മഴയും ലഭിച്ചിരുന്നു. ഇതുമൂലം അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് വർദ്ധിച്ചതിനെ തുടർന്നാണ് ഹാലോ പ്രതിഭാസം ഉണ്ടായതെന്നാണ് നിഗമനം.